ക്രെഡിറ്റ് ഒറ്റക്ക് തട്ടിയെടുക്കുന്നെന്ന് പരാതി; മന്ത്രി റിയാസിന്റെ പരിധിവിട്ടുള്ള ഇടപെടലുകൾ പരിശോധിക്കാനൊരുങ്ങി സിപിഎം
മറ്റുവകുപ്പുകളുമായി ചേർന്നുള്ള പദ്ധതികളുടെ ക്രെഡിറ്റും റിയാസ് ഒറ്റക്ക് തട്ടിയെടുക്കുന്നെന്ന് പാർട്ടിക്കുമുന്നിൽ നേരത്തെയും പരാതി എത്തിയിരുന്നു

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അമിതാധികാര ഇടപെടലുകൾ ഗൗരവത്തോടെ കണ്ട് സിപിഎം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിവിധയിടങ്ങളിൽ നടപ്പാക്കുന്ന പൊതുമരാമത്ത്, ടൂറിസം പദ്ധതികളുടെ ക്രെഡിറ്റ് റിയാസ് അടിച്ചെടുക്കുന്നു എന്ന പരാതി നേതൃത്വത്തിന് മുന്നിൽ നേരത്തെയും എത്തിയിട്ടുണ്ടെന്നാണ് സൂചന.
മന്ത്രിസഭയിലെ ചില മന്ത്രിമാർ പൊതുമരാമത്ത് വകുപ്പിന്റെ ഈ നടപടിക്കെതിരെ പ്രതികരിക്കാൻ ആലോചിച്ചെങ്കിലും തെരഞ്ഞെടുപ്പ് വർഷം ആയതുകൊണ്ട് മൗനം പാലിക്കുന്നു എന്നാണ് വിവരം.
തിരുവനന്തപുരത്തെ സ്മാർട് സിറ്റി റോഡുകളുടെ നിർമാണത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പണം മുടക്കിയ തദ്ദേശവകുപ്പിനെ വെട്ടി ഉദ്ഘാടന സമയത്ത് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് പൂർണമായി ക്രെഡിറ്റ് ഏറ്റെടുക്കാൻ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയർന്നു എന്നാണ് വിവരം. രണ്ടു മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് അറിയുന്നത്.
ക്രെഡിറ്റ് തർക്കം വാർത്തയായതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ആരോഗ്യകാരണങ്ങളാൽ ആണ് സ്മാർട്ട് റോഡ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ഉദ്ഘാടന ദിവസം ഉച്ചവരെയും പിറ്റേന്ന് രാവിലെ നടന്ന പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
സ്മാർട് റോഡിലെ ക്രെഡിറ്റ് തർക്കം സംബന്ധിച്ച വാർത്തകൾ തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിഷേധിച്ചിരുന്നു. വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നതും വസ്തുതാവിരുദ്ധമാണ്. മറ്റൊരു യോഗത്തിൽ പങ്കെടുത്തത് മൂലമാണ് സ്മാർട് റോഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും മന്ത്രിയുടെ മറുപടി.
Adjust Story Font
16

