കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി
വാഹന അപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം

കാസർകോട്: കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. സിപിഎം നേതാവ് പി.വി ഭാസ്കരൻ്റെ മകൾ സംഗീതയാണ് ഗുരുതര വിഡിയോ സന്ദേശവുമായി രംഗത്ത് വന്നത്. വാഹന അപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന തനിക്ക് ചികിത്സ നൽകുന്നില്ലെന്ന് സംഗീത. തൻ്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ആരോപണം.
രണ്ട് വർഷം മുൻപ് നടന്ന വാഹനാപകടത്തെ തുടർന്ന് സംഗീതയുടെ അരയ്ക്ക് താഴെ തളർന്നു. പല ചികിത്സയും നൽകി ഒടുവിൽ നാഡി വൈദ്യത്തിലെത്തി. ചികിത്സ നടത്തിയ വൈദ്യനുമായി സംഗീത അടുപ്പത്തിലായി. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴി ഹെബിയസ് കോർപസ് ഫയൽ ചെയ്തെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്. വിഡിയോ പുറത്ത് വിടുന്നതിന് മുൻപ് യുവതി എസ്പിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് സിപിഎം നേതാവായ തൻ്റെ അച്ഛൻ ഭീഷണിപ്പെടുത്തിയതായി സംഗീത പറയുന്നു. വിവാഹ മോചിതായാണ് സംഗീത. നേരത്തെ ജോലി ഉണ്ടായിരുന്നു. പിന്നീട് ജോലിക്ക് വിടാതായി. ഇപ്പോൾ മുസ്‌ലിമായ വ്യക്തിക്ക് ജീവിതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി സംഗീത പറയുന്നു.
Adjust Story Font
16

