Quantcast

സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ട് ചേർത്തെന്ന പരാതി; ടി.എൻ പ്രതാപന്റെ മൊഴിയെടുക്കും

സുരേഷ് ഗോപിക്കെതിരെ ടി.എൻ പ്രതാപൻ പൊലീസിൽ പരാതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    16 Aug 2025 8:13 PM IST

സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ട് ചേർത്തെന്ന പരാതി; ടി.എൻ പ്രതാപന്റെ മൊഴിയെടുക്കും
X

തൃശൂർ: സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശൂരിൽ വോട്ട് ചേർത്തെന്ന പരാതിയിൽ മുൻ തൃശൂർ ലോകസഭാ അംഗവും കോൺഗ്രസ് നേതാവുമായ ടി.എൻ പ്രതാപന്റെ മൊഴിയെടുക്കും. സിറ്റി പൊലീസ് കമ്മീഷണർക്ക് തിങ്കളാഴ്ച വിവരങ്ങൾ കൈമാറാൻ നോട്ടീസ്. സുരേഷ് ഗോപിക്കെതിരെ ടി.എൻ പ്രതാപൻ പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാജരേഖ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ നടപടി എടുക്കണമെന്നായിരുന്നു ആവശ്യം.

ഈ മാസം 18-ന് വൈകീട്ട് നാലിന് തൃശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 ആം നമ്പർ ബൂത്തിൽ വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളു.

പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിൽ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണെന്നു ടി.എൻ പ്രതാപൻ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

TAGS :

Next Story