Quantcast

മക്കളുടെ നിർബന്ധം; 62-ാം വയസിൽ മല്ലികയെ മിന്നുകെട്ടി രാധാകൃഷ്ണ കുറുപ്പ്‌

മക്കളുടെയും മരുമക്കളുടെയും അടുത്ത ബന്ധുക്കളുടെയും പൂർണ സമ്മതത്തോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും വിവാഹിതരായത്

MediaOne Logo

Web Desk

  • Published:

    22 Oct 2023 2:34 PM GMT

marriage, latest malayalam news, കല്ല്യാണം, ഏറ്റവും പുതിയ മലയാളം വാർത്ത, Radhakrishna Kurup, Mallika, മല്ലിക, താലികെട്ടി, രാധാകൃഷ്ണ കുറുപ്പ്‌
X

തിരുവല്ല : വാർദ്ധക്യത്തിൽ അച്ഛന് തണലാകാൻ കല്യാണമൊരുക്കി മക്കള്‍. കുറ്റൂർ പൊട്ടൻമല രഞ്ചു ഭവനിൽ 62 കാരനായ രാധാകൃഷ്ണ കുറുപ്പിനാണ് മക്കളും മരുമക്കളും ചേർന്ന് കല്യാണം ഒരുക്കിയത്. അടൂർ എനാദിമംഗലം സ്വദേശിയും അറുപത്കാരിയുമായ മല്ലിക കുമാരിയാണ് രാധാകൃഷ്ണക്കുറുപ്പിന് വധുവായത്.


മക്കളുടെയും മരുമക്കളുടെയും അടുത്ത ബന്ധുക്കളുടെയും പൂർണ സമ്മതത്തോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.05 നും പത്തരയ്ക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി കാവുംഭാഗം തിരു ഏറെങ്കാവ് ഭഗവതി ക്ഷേത്രത്തിൽ വച്ച് രാധാകൃഷ്ണക്കുറുപ്പ് മല്ലികയ്ക്ക് താലി ചാർത്തിയത്.

മൂന്ന് പതിറ്റാണ്ട് കാലമായി ഏറങ്കാവ് ക്ഷേത്രത്തിന് സമീപം സർബത്തും , സുഗന്ധ മുറുക്കാനും , സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന കട നടത്തുകയാണ് രാധാകൃഷ്ണക്കുറുപ്പ്. ഹൃദയാഘാതത്തെ തുടർന്ന് ഒന്നര വർഷം മുമ്പാണ് രാധാകൃഷ്ണക്കുറുപ്പിന്റെ ഭാര്യ മരണപ്പെട്ടത്. മല്ലിക കുമാരിയുടെ ഭർത്താവ് അഞ്ചുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇവർക്ക് മക്കളില്ല. അതിനാൽ മല്ലിക വീട്ടിൽ തനിച്ചായിരുന്നു താമസം.

രശ്മി, രഞ്ജു, എന്നീ രണ്ട് പെൺമക്കളും രഞ്ജിത്ത് എന്ന മകനുമാണ് രാധാകൃഷ്ണക്കുറുപ്പിനുള്ളത്. പെണ്മക്കൾ രണ്ടുപേരും വിവാഹിതരായി കുടുംബിനികളായി കഴിയുകയാണ്. മകൻ രഞ്ജിത്ത് ഏതാനും മാസങ്ങളായി പഠന ആവശ്യത്തിനായി കൊല്ലത്ത് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. പഠന ആവശ്യത്തിനായി മകൻ കൂടി വീട്ടിൽ നിന്ന് പോയതോടെ രാധാകൃഷ്ണക്കുറുപ്പിന്റെ ജീവിതം തീർത്തും ഒറ്റപ്പെട്ടതായി. ഭർത്താവുമൊത്ത് വിദേശത്തുള്ള ഇളയ മകൾ രഞ്ജു രണ്ടുമാസം മുമ്പ് നാട്ടിലെത്തി. അപ്പോഴാണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ആരംഭിച്ച പിതാവിന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയത്.


മകൾ രഞ്ജു അടുത്ത ആഴ്ച വിദേശത്തേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. ഇതിനിടെ മൂന്നാഴ്ച മുമ്പ് വീട്ടിൽ സിസിടിവി ക്യാമറയും സ്ഥാപിച്ചു. ഇതോട് ഒപ്പം തന്നെ അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ വിവാഹ ആലോചനയും ആരംഭിച്ചു. അങ്ങനെയാണ് മാട്രിമോണി വഴി മല്ലിക കുമാരിയുടെ നമ്പർ ലഭിക്കുന്നത്. പുനർവിവാഹ കാര്യത്തിൽ മല്ലികയുടെ ബന്ധുക്കളും പൂർണസമ്മതം അറിയിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. തുടർന്ന് അടുത്ത ബന്ധുക്കളായ അമ്പതോളം പേരേ സാക്ഷി നിർത്തി രാധാകൃഷ്ണക്കുറുപ്പ് മല്ലികയുടെ കഴുത്തിൽ താലി ചാർത്തിയത്. വാർദ്ധക്യത്തിൽ പരസ്പരം തുണയാകാൻ കഴിയും എന്ന വിശ്വാസത്തിലാണ് നവ ദമ്പതികൾ .

TAGS :

Next Story