Quantcast

''ഇടത്തോട്ട് 'ഇൻഡിക്കേറ്റർ' ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോഴൊക്കെ അപായസൂചന മുഴക്കുന്ന സഖാവ്''; ബിനോയ് വിശ്വത്തെ പിന്തുണച്ച് ഗീവർഗീസ് മാർ കൂറിലോസ്

ഫാസിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കൂവെന്ന് വിളിച്ചുപറയാനുള്ള ആർജവം മതനിരപേക്ഷതയോടുള്ള ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്-ഗീവർഗീസ് മാർ കൂറിലോസ്

MediaOne Logo

Web Desk

  • Updated:

    2022-01-03 13:36:53.0

Published:

3 Jan 2022 1:29 PM GMT

ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോഴൊക്കെ അപായസൂചന മുഴക്കുന്ന സഖാവ്; ബിനോയ് വിശ്വത്തെ പിന്തുണച്ച് ഗീവർഗീസ് മാർ കൂറിലോസ്
X

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇടതുപക്ഷത്തിനാകില്ലെന്ന സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് യാക്കോബായ സുറിയാനിസഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത. ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾകൊണ്ട് ബിനോയ് വിശ്വമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ഇടത്തോട്ട് 'ഇൻഡിക്കേറ്റർ' ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോഴൊക്കെ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

നീതിയുടെ പ്രശ്‌നങ്ങളായാലും പരിസ്ഥിതി പ്രശ്‌നങ്ങളായാലും മുതലാളിത്ത വികസനത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്തുനിന്ന് ഇടതുപക്ഷ നിലപാടുകൾ മുറുകെപ്പിടിക്കുന്ന ബിനോയ് വിശ്വം ആദർശത്തിൽ ഒരിക്കലും വെള്ളം ചേർക്കാൻ അനുവദിക്കുന്നില്ല. ഫാസിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ചുനിൽക്കേണ്ട കാലത്ത് ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കൂവെന്ന് വിളിച്ചുപറയാനുള്ള ആർജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്. ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ-ഫേസ്ബുക്ക് കുറിപ്പിൽ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പിടി തോമസ് അനുസ്മര പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടംപിടിക്കും. അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയമായിരുന്നെന്നും നിലവിൽ കോൺഗ്രസിന് അപചയമുണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Summary: ''Comrade who warns whenever the left is leaning towards the right''; Coorilose Geevarghese in support of the Binoy Viswam

TAGS :

Next Story