'ജീവനൊടുക്കേണ്ട പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഉദ്യോഗസ്ഥരില്‍ നിന്ന് മാനസികപീഡനമുണ്ടായി'; സി.ജെ റോയ്‌യുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം
ഇന്നലെ ഉച്ചയോടെയാണ് റോയ് ജീവനൊടുക്കിയത്

ബംഗളൂരു: ജീവനൊടുക്കേണ്ട പ്രശ്‌നങ്ങളോ കടമോ കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ സി.ജെ ബാബു. രാവിലെ മുതല്‍ തന്നെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഉണ്ടായെന്നും സഹോദരന്‍ പറഞ്ഞു. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി.ജെ ജോസഫിന്റെ പരാതിയില്‍ സർക്കാർ അന്വേഷണത്തിന് കർണാടക സിഐഡിയെ ചുമതലപ്പെടുത്തി.
റിയല്‍ എസ്റ്റേസ്റ്റ് മേഖലയിലടക്കം വിപുലമായ പരിശോധന വേണ്ടിവരുമെന്നതിനാലാണ് സിഐഡിക്ക് അന്വേഷണച്ചുമതല കൈമാറിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സി.ജെ റോയ്ക്ക് ജീവനൊടുക്കാനുള്ള പ്രശ്‌നങ്ങളോ കടമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ സി.ജെ ബാബു പ്രതികരിച്ചു. 'ഇന്നലെ രാവിലെ മുതല്‍ തന്നെ വിളിക്കുന്നുണ്ടായിരുന്നു. കാണണമെന്ന് ആവശ്യപ്പെട്ടു. ജനുവരി 28 മുതല്‍ സ്ഥാപനങ്ങളില്‍ പലയിടങ്ങളിലായി ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിട്ടുണ്ട്. നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സി.ജെ റോയ്‌യുടെ മരണത്തിന് പിന്നില്‍ ഐടി ഉദ്യോഗസ്ഥരുടെ മാനസികപീഡനമാണെന്ന് ആരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഐടി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അസ്വസ്ഥനായ റോയ് സ്വന്തം മുറിയിലേക്ക് പോയി വാതില്‍ അകത്തുനിന്നും കുറ്റിയിട്ട് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ആരെയും കയറ്റിവിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
'കഴിഞ്ഞ മൂന്ന് ദിവസമായി ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയ്‌യെ മാനസികമായി തളര്‍ത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു'. അന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ഇന്നലെ ഉച്ചയോടെയാണ് റോയ് ജീവനൊടുക്കിയത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയിയോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചായിരുന്നു നിറയൊഴിച്ചത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെയാണ് ബംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം നാളെ സംസ്‌കരിക്കും.
Adjust Story Font
16

