Quantcast

നിയമസഭയിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്

കെകെ രമയടക്കമുള്ള യുഡിഎഫ് എംഎൽഎമാർക്കെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2023-03-16 08:41:09.0

Published:

16 March 2023 5:58 AM GMT

kerala assembly_protest
X

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നടന്ന കയ്യാങ്കളിയിൽ എംഎൽഎമാർക്കെതിരെ കേസ്. അഞ്ച് പ്രതിപക്ഷ എംഎൽമാർക്കെതിരെയും രണ്ട് ഭരണകക്ഷി എംഎൽഎമാർക്കെതിരെയുമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. അൻവർ സാദത്ത്, കെകെ രമ, റോജി എം ജോൺ, പികെ ബഷീർ, ടി സിദ്ദീഖ് എന്നീ യുഡിഎഫ് എംഎൽഎമാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കൂടാതെ, കണ്ടാലറിയാവുന്ന അഞ്ച് എംഎൽഎമാരെയും പ്രതി ചേർത്തിട്ടുണ്ട്.

കലാപഹ്വനം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. നിയമസഭയിലെ വാച്ച് ആൻഡ് വാർഡുമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് എംഎൽഎമാർക്കെതിരായ നടപടി. ഒപ്പം, ഇന്നലെ പരിക്കേറ്റ സനീഷ് കുമാർ എംഎൽഎയുടെ പരാതിയെ തുടർന്ന് എച്ച് സലാം, സച്ചിൻ ദേവ് എന്നീ ഭരണകക്ഷി എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 323, 324 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മ്യൂസിയം പൊലീസ് വ്യക്തമാക്കുന്നു.

നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയതുൾപ്പടെയുള്ള കാര്യങ്ങൾ സനീഷ് കുമാർ എംഎൽഎയുടെ പരാതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിന്റെ ഉള്ളടക്കത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ എം.എൽ.എമാരും വാച്ച് ആന്‍റ് വാർഡുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തന്നെ കൈയേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഒരുപ്രകോപനവുമില്ലാതെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ അംഗങ്ങളും വന്ന് ക്രൂരമായ ആക്രമണമാണ് നടത്തിയതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള സനീഷ് കുമാർ എംഎൽഎ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ തുടർച്ചയെന്നോണം ഇന്നും സഭ ബഹളമയമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു. സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലും സമവായം ഉണ്ടാകാത്തതോടെയാണ് പ്രതിപക്ഷം വീണ്ടും പ്രതിഷേധം കടുപ്പിച്ചത്. ഇതിന് പിന്നാലെയാണ് എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story