സുധാകരനോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് പാടില്ലെന്ന് പോസ്റ്റർ; സ്ഥാനാർഥി നിർണയത്തിൽ കണ്ണൂർ കോൺഗ്രസിൽ മുറുമുറുപ്പ് വ്യാപകം
കെ.സുധാകരന് സീറ്റ് നൽകുന്നതിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സണ്ണി ജോസഫിനെതിരെ സുധാകരൻ അനുകൂലികൾ രാത്രി പന്തം കൊളുത്തി പ്രതിഷേധം നടത്തി

കണ്ണൂർ: സ്ഥാനാർഥി നിർണയത്തെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ മുറുമുറുപ്പ് വ്യാപകം. കെ.സുധാകരന് സീറ്റ് നൽകുന്നതിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സണ്ണി ജോസഫിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഒപ്പം തളിപ്പറമ്പ് ,പയ്യന്നൂർ മണ്ഡലങ്ങളിലും ഭിന്നസ്വരം ശക്തിപ്പെടുന്നുണ്ട്. കണ്ണൂരിൽ കെ. സുധാകരൻ അനുകൂലികൾ രാത്രി പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
കെ.സുധാകരന് സീറ്റ് നൽകാത്തതിന് പിന്നിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണെന്ന രീതിയിൽ പേരാവൂരിൽ ഫ്ലക്സ് ബോർഡ് ഉയർന്നതിന് പിന്നാലെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും വ്യാപകമായിട്ടുണ്ട്. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണിക്ക് വോട്ടില്ലെന്നാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം. സണ്ണിക്ക് വേണ്ടി പ്രവർത്തിക്കില്ലെന്നും സന്ദേശത്തിലുണ്ട്.
പേരാവൂരിലെ കൊട്ടിയൂർ മേഖലയിൽ പ്രചരിക്കുന്ന പോസ്റ്ററുകളിൽ സുധാകരനോട് നന്ദി ഇല്ലെങ്കിലും നന്ദികേട് പാടില്ലെന്നാണ് ഓർമ്മപ്പെടുത്തൽ. തളിപ്പറമ്പിലും പയ്യന്നൂരും സിപിഎം വിമതരെ പിന്താങ്ങാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസ് പ്രാദേശിക നേതാക്കളും രംഗത്തുണ്ട്. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടും നേരിട്ടാണ് യൂത്ത് കോൺഗ്രസിൽ നിന്നും പരസ്യ പ്രതിഷേധവുമായി രംഗത്തുള്ളത്.
ഇരുമണ്ഡലങ്ങളിലെയും വിസ്മയം തീർക്കൽ ഒരൽപ്പം കൂടിപ്പോയെന്നാണ് ഇവരുടെ വാദം. പയ്യന്നൂരിൽ സ്ഥാനാർഥി ആകുമെന്ന പ്രഖ്യാപനവുമായി മുൻ നഗരസഭാംഗം കച്ചേരി രമേശൻ രംഗത്തെത്തി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചാൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് രമേശൻ്റെ നിലപാട്.
അതേസമയം, ഇന്നലെ ഡിസിസി പരിസരത്ത് 20 ഓളം പ്രവർത്തകരാണ് സുധാകരനെ അനുകൂലിച്ച് പന്തം കൊളുത്തി പ്രകടനം നടത്തിയത്. സുധാകരനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
Adjust Story Font
16

