Quantcast

കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ്: ഉമ്മൻചാണ്ടി

ഗ്രൂപ്പുകൾ അവസാനിക്കുകയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി

MediaOne Logo

Web Desk

  • Published:

    5 Sep 2021 5:00 AM GMT

കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ്: ഉമ്മൻചാണ്ടി
X

പുതുപ്പള്ളി: കോൺഗ്രസ് പാർട്ടിയാണ് ആദ്യമെന്നും പിന്നീട് മാത്രമേ ഗ്രൂപ്പുള്ളൂവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. ഗ്രൂപ്പുകളില്ലാതെ കോൺഗ്രസിന് മുമ്പോട്ടു പോകാൻ സാധിക്കുമോ എന്ന ചോദ്യത്തിനാണ് മുൻ മുഖ്യമന്ത്രിയുടെ മറുപടി.

'കോൺഗ്രസ് മുമ്പോട്ടു പോകണം. കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ്' എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ വാക്കുകൾ. ഗ്രൂപ്പുകൾ അവസാനിക്കുകയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെപിസിസി പ്രസിഡണ്ട് വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് വി.ഡി സതീശനാണ് മറുപടി പറഞ്ഞത്.

'സാറിനെ കുഴപ്പിക്കല്ലേ. കെ.പി.സി.സി പ്രസിഡണ്ടും ഞാനും ഒരുമിച്ചു ചർച്ച ചെയ്യും. അത് നേരത്തെ നമ്മൾ പറഞ്ഞിട്ടുള്ളതല്ലേ. അവരുമായി നമ്മൾ കാണുകയും സംസാരിക്കുകയും ചെയ്യുന്നതല്ലേ. അതിൽ പുതുമയുള്ള കാര്യമല്ല. ചില പത്രങ്ങളില്‍ ഞങ്ങൾ ഫോണിൽ പോലും സംസാരിക്കാറില്ല എന്നു പറഞ്ഞു. ഞങ്ങളൊക്കെ ഫോണിൽ സംസാരിക്കാറുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റുമെന്ന് പൂർണമായി ആത്മവിശ്വാസമുണ്ട്'- സതീശൻ കൂട്ടിച്ചേർത്തു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതൃത്വം എടുക്കുന്ന ഇനീഷ്യേറ്റീവുമായി സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. 'ചില പ്രശ്‌നങ്ങളുണ്ട്. രമേശ് ചെന്നിത്തലയും ഞാനും ചിലതു പറഞ്ഞിട്ടുണ്ട്. പഴയ കാര്യങ്ങളിലേക്ക് പോകുന്നില്ല. ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹാരം കണ്ടെത്തുന്നത് കോൺഗ്രസിന്റെ ഒരു രീതിയാണ്'- ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

ഡി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ തുടരുന്ന പൊട്ടിത്തെറിയിൽ അനുനയ നീക്കവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടിയെ നേരിട്ടുകണ്ടാണ് സതീശൻ മഞ്ഞുരുക്കത്തിനുള്ള ശ്രമം ആരംഭിച്ചത്. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് സതീശൻ സമവായ ചർച്ചകൾക്ക് തുടക്കമിട്ടത്. കോൺഗ്രസിൽ ഇതേ സ്ഥിതി തുടർന്നാൽ അത് വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന നേതൃത്വത്തിൻറെ ആശങ്കയാണ് സതീശനെ ഉമ്മൻചാണ്ടിയെ നേരിട്ട് കാണാൻ പ്രേരിപ്പിച്ചത്. തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ച് ഉമ്മൻചാണ്ടിയുമായി സതീശൻ കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാൽ അപ്രതീക്ഷിതമായി പെട്ടെന്നുള്ള സന്ദർശനമാണ് സതീശൻറെ ഭാഗത്തുനിന്നുണ്ടായത്.

ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു നേതാവിനെ പിണക്കി അദ്ദേഹത്തിനെതിരെ ഒരു നീക്കം നടത്തിയാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. ഇത് അണികളിലും വലിയ രീതിയിൽ ആശങ്ക സൃഷ്ടിക്കുമെന്നും നേതൃത്വം കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവ് തന്നെ മുൻകൈ എടുത്ത് ഉമ്മൻചാണ്ടിയെ കാണാൻ എത്തിയത്. ചെന്നിത്തലയെ അനുനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ നേതൃത്വം ഇടപെടാനുള്ള നീക്കത്തെയും തള്ളിക്കളയാനാകില്ല.

TAGS :

Next Story