Quantcast

മറ്റത്തൂരിൽ ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം: സ്ഥാനങ്ങൾ രാജി വെക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

മുഴുവൻ പേരെയും അയോഗ്യരാക്കാൻ നടപടി എടുക്കുമെന്ന ഡിസിസി പ്രഖ്യാപനത്തിൽ ഇന്ന് തുടർനടപടികൾ ഉണ്ടായേക്കും

MediaOne Logo

Web Desk

  • Published:

    30 Dec 2025 6:44 AM IST

മറ്റത്തൂരിൽ ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം: സ്ഥാനങ്ങൾ രാജി വെക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു
X

തൃശൂർ: ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം പിടിച്ച മറ്റത്തൂർ പഞ്ചായത്തിൽ, സ്ഥാനങ്ങൾ രാജി വെക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. രാജി ഇല്ലെങ്കിൽ, മുഴുവൻ പേരെയും അയോഗ്യരാക്കാൻ നടപടി എടുക്കുമെന്ന ഡിസിസി പ്രഖ്യാപനത്തിൽ ഇന്ന് തുടർനീക്കങ്ങൾ ഉണ്ടായേക്കും. രാജി വെക്കില്ലെന്നും കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നുമാണ് നടപടി നേരിട്ട ടി.എം ചന്ദ്രൻ്റെ നിലപാട്..

പാർട്ടി നയം മറികടന്ന് ബിജെപിയുടെ വോട്ട് നേടി ലഭിച്ച പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ രാജിവെക്കണമെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അന്ത്യശാസനം. എന്നാൽ ആവശ്യം തള്ളി, നടപടി നേരിട്ട ഡിസിസി സെക്രട്ടറി ടി എം ചന്ദ്രൻ രംഗത്തെത്തിയിരുന്നു. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നും പാപഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്നും, അതിനാൽ രാജിവെക്കാൻ ഇല്ലെന്നുമാണ് വിശദീകരണം.

കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്നും ടി.എം ചന്ദ്രൻ വിശദീകരിച്ചിരുന്നു. രാജിവെക്കാൻ സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ അയോഗ്യരാക്കുന്ന നടപടികളുമായി പാർട്ടി മുന്നോട്ടുപോകുമോ എന്നതാണ് പ്രധാനം. ബിജെപിയുമായി ചന്ദ്രൻ ചർച്ച നടത്തിയെന്ന കോൺഗ്രസ് വിമതൻ ഔസേപ്പിന്റെ ആരോപണത്തിൽ തുടർ പ്രതികരണങ്ങളും ഇന്ന് ഉണ്ടാകും. ഇക്കാര്യം നിഷേധിച്ച് ഇന്നലെത്തന്നെ ഔസേപ്പ് രംഗത്തെത്തിയിരുന്നു. മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നാണ് വെല്ലുവിളി.

ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ടി.എൻ പ്രതാപൻ, കെ മുരളീധരൻ തുടങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ ചന്ദ്രൻ പ്രവർത്തിച്ചു എന്ന ഔസേപ്പിൻ്റെ ആരോപണത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ഇന്ന് ഉണ്ടായേക്കും. ഇക്കാര്യത്തിൽ ടി.എൻ ചന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരേഷ് ഗോപിയുടെ വിജയത്തിൽ ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നാണ് മുൻ കോൺഗ്രസ് മണ്ഡലം ഭാരവാഹി കൂടിയായ ഔസേപ്പിന്റെ ഗുരുതര ആരോപണം. ഇക്കാര്യത്തിൽ, ജില്ലാ കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചിട്ടില്ല.

മീഡിയവൺ

TAGS :

Next Story