പാർട്ടി നടപടി അംഗീകരിക്കുന്നു, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം: എം.എം ഹസൻ
കേസ് ഇത്രയും വൈകിപ്പിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കാൻ സർക്കാർ മാറ്റിവെച്ചതാണെന്നും എം.എം ഹസൻ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് ഒരു സംരക്ഷണവും കൊടുത്തില്ല. ഇതൊരു സന്ദേശമായി ഉള്‍ക്കൊണ്ട് എംഎല്‍എ സ്ഥാനം അയാള്‍ രാജിവെക്കണമെന്നും എം.എം ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പൊലീസിന് അയാളെ അറസ്റ്റ് ചെയ്യണമായിരുന്നേല്‍ എപ്പോഴേ അറസ്റ്റ് ചെയ്യാമായിരുന്നു. ഇതിത്രയും വൈകിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ മാറ്റിവെച്ചതാകും. ലഡു വിതരണത്തിനും പടക്കം പൊട്ടിക്കുന്നതിനും ശരിയാണോയെന്ന് സ്വയം വിമര്‍ശിക്കുന്നത് നല്ലതായിരിക്കും.' എം.എം ഹസന്‍ പ്രതികരിച്ചു.
പാര്‍ട്ടിയുടെ നടപടി ഒരു സന്ദേശമായി ഉള്‍ക്കൊണ്ട് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും കേസില്‍ നടപടിയില്‍ മറ്റു പാര്‍ട്ടികള്‍ വലിയ അവകാശവാദം ഉന്നയിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്നും തിരുവനന്തപുരം ജില്ലാ കോടതി വിധിച്ചിരുന്നു. കേസില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
Adjust Story Font
16

