തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ വ്യവസ്ഥ തീരുമാനിച്ച് കോൺഗ്രസ് - ലീഗ് ചർച്ച
സ്ഥാനാർഥി മാനദണ്ഡം മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമെന്ന് വി.ഡി സതീശൻ സാദിഖലി തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും തമ്മിൽ നടന്ന ചർച്ചയിൽ ധാരണ

മലപ്പുറം: തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ വ്യവസ്ഥ തീരുമാനിച്ച് കോൺഗ്രസ് - ലീഗ് ചർച്ച. സ്ഥാനാർഥി മാനദണ്ഡം മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന് ധാരണ. ഗ്രൂപ്പ് നോക്കി സ്ഥാനാർഥികളെ കെട്ടിയിറക്കരുതെന്ന് ലീഗ് നിർദേശം. സാമ്പാർ മുന്നണിയും അടവുനയവും പാടില്ലെന്നും ധാരണ. UDF ഒരു പാർട്ടിയായി പ്രവർത്തിക്കണമെന്ന വി.ഡി സതീശന്‍റെ നിർദേശം ലീഗ് അംഗീകരിച്ചു. തുടർ ചർച്ച കെസി വേണുഗോപാലിന്‍റെ കൂടി സാന്നിധ്യത്തില്‍ നടത്താനും ധാരണ. ചർച്ചയില്‍ പങ്കെടുത്തത് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും. ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവരെ പുറത്ത് നിർത്തിയായിരുന്നു ചർച്ച.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ലീഗിന്‍റെ ബന്ധം മികച്ച നിലയിലാണ്. ഇതിന്‍റെ തുടർച്ചയായാണ് സതീശനെ സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്ടേക്ക് പ്രാതലിന് ക്ഷണിച്ചത്. പ്രാതലിന് ശേഷം അടച്ചിട്ട മുറിയില്‍ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനുമായി ചർച്ച നടത്തി.
മലപ്പുറത്ത് ലീഗിനെതിരെ സിപിഎമ്മുമായി ചേർന്ന് സാമ്പാർ മുന്നണിയുണ്ടാക്കുന്ന കോണ്‍ഗ്രസ് തന്ത്രം ഇത്തവണയുണ്ടാകില്ല. സിപിഎമ്മും ലീഗും ചേർന്ന് കോണഗ്രസിന് തോല്‍പിക്കുന്ന അടവു നയവും ഉണ്ടാകില്ലെന്ന് ലീഗ് ഉറപ്പ് നല്‍കി. ചർച്ച ഒരു മണിക്കൂർ നീണ്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം കാര്യമായി മെച്ചപ്പെട്ടു. എന്ന് തെളിയിക്കുന്നതാണ് പാണക്കാട്ടെ പ്രാതലും തുടർന്നുള്ള ചർച്ചയും. യുഡിഎഫില്‍ തുടരാന്‍ മുസ്ലിം ലീഗിന് മതിയായ ആത്മവിശ്വാസമുണ്ടെന്ന് കൂടി വ്യക്തമായി.
Adjust Story Font
16

