Quantcast

പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിന് പക്ഷപാതമെന്ന് കോൺഗ്രസ്

പ്രതിപക്ഷ സമരങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്ത മാർച്ചിൽ പൊലീസ് പ്രതികളാക്കിയത് പ്രാദേശിക നേതാക്കളെ മാത്രമെന്ന് ആരോപണം

MediaOne Logo

Web Desk

  • Updated:

    2024-01-12 00:59:11.0

Published:

12 Jan 2024 12:54 AM GMT

police
X

തിരുവനന്തപുരം:പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിന് പക്ഷപാതമെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമെതിരെ കേസെടുക്കുന്ന പൊലീസ്, സി.പി.എം സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്ത മാർച്ചിൽ പ്രതികളാക്കിയത് പ്രാദേശിക നേതാക്കളെ മാത്രണത്രെ.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രജിസ്റ്റർ ചെയ്തത് രണ്ട് കേസുകൾ. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ രമേശ്‌ ചെന്നിത്തലയ്ക്കും ശശി തരൂരിനുമെതിരെ ഓരോ കേസ്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, അന്യായമായി സംഘം ചേരൽ,ഗതാഗത തടസം സൃഷ്ടിക്കൽ തു​ടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സമാനമായ കുറ്റങ്ങൾ ചുമത്തി എം.പിമാർ,എം.എൽ.എമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരെയും കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെയാണ് ഏറ്റവുമൊടുവിൽ കേസെടുത്തത്. ഒന്നാം പ്രതി ഉദ്ഘാടനം ചെയ്യാനായി മാത്രമെത്തിയ ഷാഫി പറമ്പിൽ എം.എൽ.എ.അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തില്ലെങ്കിലും അന്യായമായി സംഘം ചേരൽ,ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നി കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ചിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. എന്നാൽ പ്രതികൾ ഇടുക്കി ജില്ലയിലെ പ്രാദേശിക നേതാക്കൾ മാത്രം. രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുൻമന്ത്രി എം.എം മണിയും എഫ്.ഐ.ആറിന് പുറത്ത്. പ്രതിപ്പട്ടികയിൽ ഒരൊറ്റ 'വി.ഐ.പി' നേതാവ് പോലുമില്ല.

TAGS :

Next Story