Quantcast

തിരുവല്ല സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കണം: ആവശ്യം ശക്തമാക്കി കോൺഗ്രസ്

ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്

MediaOne Logo

Web Desk

  • Published:

    20 Feb 2026 7:12 AM IST

തിരുവല്ല സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കണം: ആവശ്യം ശക്തമാക്കി കോൺഗ്രസ്
X

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ആവശ്യം. ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്. സീറ്റ് വിഭജന ചർച്ചകൾക്ക് മുന്നോടിയായി ഹൈക്കമാൻഡിനെയും കെപിസിസി നേതൃത്വത്തെയും ഈ നിലപാട് ഔദ്യോഗികമായി അറിയിക്കാനാണ് ജില്ലാ ഘടകത്തിന്റെ തീരുമാനം.

തിരുവല്ല നിയമസഭാ മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ ശക്തമായി ഉയർന്നു. കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി, യുഡിഎഫ് ബാനറിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവല്ല നിയമസഭാ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് എക്സിക്യൂട്ടീവ് യോഗം.

അഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയെങ്കിലും ഒരിക്കൽ പോലും വിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. 2001-ൽ മാമ്മൻ മത്തായിക്ക് ശേഷം മണ്ഡലത്തിൽ യുഡിഎഫിന് വിജയം അന്യമായ സാഹചര്യത്തിലാണ് സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേരിട്ട് രംഗത്തിറങ്ങുന്നത്. മാർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ലയിൽ സഭയുമായി അടുത്ത ബന്ധമുള്ള സ്ഥാനാർത്ഥികൾക്കേ ജയസാധ്യതയുള്ളൂ എന്ന വിലയിരുത്തലിലാണ് ഡിസിസി നേതൃത്വം. നിലവിലെ എൽഡിഎഫ് എംഎൽഎ മാത്യു ടി. തോമസ് സഭയുമായി പുലർത്തുന്ന ശക്തമായ സ്വാധീനത്തെ മറികടക്കാൻ, സഭയുമായി ദീർഘകാല ബന്ധമുള്ള നേതാക്കളെ പരിഗണിക്കണമെന്ന വാദമാണ് ഉയരുന്നത്.

മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സഭയിലെ അംഗവുമായ ജോർജ് മാമൻ കൊണ്ടൂരിൻ്റെ ഉൾപ്പെടെയുള്ള പേരുകൾ നിലവിൽ പറഞ്ഞു കേൾക്കുന്നുണ്ട്.

സമീപകാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തിരുവല്ല നഗരസഭയിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും കോൺഗ്രസ് കാഴ്ചവെച്ച മികച്ച പ്രകടനം മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസം നൽകുന്നുണ്ട്. തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന പക്ഷം, സഖ്യകക്ഷിയായ കേരള കോൺഗ്രസിന് നിലവിൽ കോൺഗ്രസ് മത്സരിക്കുന്ന റാന്നി സീറ്റ് വിട്ടുനൽകാനുള്ള രാഷ്ട്രീയ സമവാക്യമാണ് ഇപ്പോൾ സജീവ പരിഗണനയിലുള്ളത്.

TAGS :

Next Story