'സുധാകരേട്ടന്‍ മത്സരിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികള്‍, ഒപ്പം നേതാക്കളും
കണ്ണൂരിലെ സുധാകരൻ്റെ വീട്ടില്‍ നിരവധി പ്രവര്‍ത്തകരും റിജില്‍ മാക്കുറ്റി, പി. മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെ നേതാക്കളും പിന്തുണയുമായെത്തി

കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അണികള്‍. സുധാകരനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ല എന്നതുള്‍പ്പെടെ കടുത്ത പ്രഖ്യാപനങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്. കണ്ണൂരിലെ സുധാകരന്റെ വീട്ടില്‍ നിരവധി പ്രവര്‍ത്തകരും റിജില്‍ മാക്കുറ്റി, പി. മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെ നേതാക്കളും പിന്തുണയുമായെത്തി.
കെ. സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ തന്നെക്കൊണ്ട് പറ്റുന്ന വോട്ടുകള്‍ മുടക്കുമെന്നും ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു. 'സുധാകരന്‍ ചെയ്ത പോലെ ഉപകാരം കണ്ണൂരിന് മറ്റാരും ചെയ്തിട്ടില്ല. നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പുതന്നിട്ടാണ് കഴിഞ്ഞ പ്രാവശ്യം എംപിയായി മത്സരിച്ചത്. സുധാകരന്‍ കേരളത്തില്‍ വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനുള്ള വോട്ടുകള്‍ മുടക്കും' -ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.
സുധാകരന്‍ ഏത് പാതാളത്തില്‍ പോകാന്‍ പറഞ്ഞാലും പോകാന്‍ ഞങ്ങള്‍ തയാറാണെന്ന് മറ്റൊരു പ്രവര്‍ത്തകന്‍ പ്രതികരിച്ചു. 'കണ്ണൂരിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ. സുധാകരന് പിന്നില്‍ അരയും തലയും മുറുക്കി നിലയുറപ്പിക്കും. പാര്‍ട്ടി ഭേദമില്ലാതെ സുധാകരന് പിന്നില്‍ സാധാരണക്കാരുണ്ട്. സുധാകരന്‍ എന്ത് തീരുമാനമെടുത്താലും അദ്ദേഹത്തോടൊപ്പം നില്‍ക്കും' -പ്രവര്‍ത്തകന്‍ പറഞ്ഞു.
കെ. സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ എല്ലാമാണെന്ന് റിജില്‍ മാക്കുറ്റി പ്രതികരിച്ചു. സീറ്റ് കൊടുക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല. കെ. സുധാകരന്റെ ആഗ്രഹം നടക്കണമെന്നാണ് കണ്ണൂരിലെ പ്രവര്‍ത്തകരുടെ ആഗ്രഹം. എംപിമാര്‍ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സുധാകരന്റെ കൂടെയുണ്ടാകുമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുധാകരന്‍ ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ നിന്ന് ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എംപിമാര്‍ മത്സരിക്കേണ്ട എന്നാണ് തീരുമാനമെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി 10 മണിയോടെ സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങിയത്. പിന്നാലെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ത്യാഗങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.
'കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ താന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്‍ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. ഞാന്‍ ഉണരുമ്പോള്‍ തന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്. ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റുവീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസുകാരുടെത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക നെഞ്ചിലേറ്റി കെ.സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കുപിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്‍ക്കും.' -പോസ്റ്റില്‍ പറയുന്നു.
Adjust Story Font
16

