Quantcast

തലശേരിയിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി; പോയത് ന​ഗരസഭയ്ക്കെതിരെ കത്തെഴുതി വച്ച ശേഷം

ഒരു മാസം മുമ്പ് ഇവരുടെ ഫർണിച്ചർ നിർമാണ യൂണിറ്റ് തലശേരി നഗരസഭ അടച്ചുപൂട്ടിയിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Aug 2022 12:25 PM GMT

തലശേരിയിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി; പോയത് ന​ഗരസഭയ്ക്കെതിരെ കത്തെഴുതി വച്ച ശേഷം
X

തലശേരിയിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി. തലശേരി സ്വദേശികളായ രാജ് കബീർ, ഭാര്യ ശ്രീദിവ്യ എന്നിവരെയാണ് രണ്ടു ദിവസം മുമ്പ് കാണാതായത്. തലശേരി നഗരസഭയ്ക്കെതിരെ കത്തെഴുതി വച്ചശേഷമാണ് ഇവർ വീടു വിട്ടിറങ്ങിയത്.

ഒരു മാസം മുമ്പ് ഇവരുടെ ഫർണിച്ചർ നിർമാണ യൂണിറ്റ് തലശേരി നഗരസഭ അടച്ചുപൂട്ടിയിരുന്നു. ശേഷം ഇതുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടന്നിരുന്നു. നിയമ നടപടികളുമുണ്ടായി. സ്ഥാപനം 4,80,000 രൂപ പിഴയടയ്ക്കണമെന്ന് ന​ഗരസഭ ഉത്തരവിട്ടു.

സ്ഥാപനത്തിന് മുന്നിൽ ഷീറ്റിട്ടതാണ് അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് ന​ഗരസഭ നടപടി സ്വീകരിച്ചത്. തുടർന്ന് ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയും പിഴത്തുക 48,000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു. സ്ഥാപനം ഈ മാസം 19ന് തുറന്നു കൊടുക്കണം എന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ന​ഗരസഭ അത് പാലിച്ചില്ല.

മുനിസിപ്പാലിറ്റി അധികൃതരുടെ നിരന്തരം പീഡനം മൂലമാണ് തങ്ങൾ നാടുവിടുന്നതെന്നും സ്ഥാപനം പൂട്ടിക്കുമെന്ന് അധികൃതർ പറഞ്ഞതായും ഇനിയും താങ്ങാൻ ആവാത്തതിനാലാണ് തങ്ങൾ പോവുന്നതെന്നും കത്തിൽ പറയുന്നു.

എഴുത്തുകാരൻ കെ തായാട്ടിന്റെ മകനാണ് കാണാതായ രാജ്കബീർ. ചൊവ്വാഴ്ച സൂപ്പർ മാർക്കറ്റിലേക്കെന്ന് പറഞ്ഞാണ് ഇവർ പോയതെന്ന് വീട്ടുകാർ പറയുന്നു.

അതേസമയം, കൈയേറ്റം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് നഗരസഭാ ചെയർപേഴ്സൺ പറയുന്നു. 18 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

TAGS :

Next Story