Quantcast

മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം: കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി

മന്ത്രിക്ക് പരിക്കേറ്റത് സംബന്ധിച്ച മെഡിക്കൽ രേഖകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു

MediaOne Logo
മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം: കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി
X

കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി. കറുത്ത തുണി വീശുക മാത്രമാണ് ചെയ്തതെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ടെന്നും കോടതി ജാമ്യ ഉത്തരവിൽ പറഞ്ഞു. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുൽ ഉൾപ്പെടെയുള്ളവർക്ക് ഇന്ന് രാവിലെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് മന്ത്രിയുടെ ഗൺമാൻ മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പിനായി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ കെഎസ്‌യു പ്രവർത്തകർ കറുത്ത കൊടി വീശി വരുന്നത് മാത്രമാണ് കണ്ടതെന്നാണ് ടൗൺ സ്റ്റേഷനിലെ എസ്‌ഐയും സിവിൽ പൊലീസ് ഓഫീസറും നൽകിയ മൊഴിയിൽ പറയുന്നത്. മന്ത്രിക്ക് പരിക്കേറ്റത് സംബന്ധിച്ച മെഡിക്കൽ രേഖകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കർശന ഉപാധികളോടെയാണ് കെഎസ്‌യു പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യകാലയളവിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളും കോടതി പറഞ്ഞിട്ടുണ്ട്.

TAGS :

Next Story