'ഇത് ജനാധിപത്യ രാജ്യമാണ്,ബനാന റിപ്പബ്ലിക്കല്ല ';പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോടതി
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലൊരു അറസ്റ്റ് നടക്കാൻ പാടില്ലായിരുന്നെന്ന് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി

മഞ്ചേരി: പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ കോടതിയുടെ രൂക്ഷ വിമർശനം.വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിന്റെ രൂക്ഷ വിമർശനം.10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച ജയിലിൽ കിടക്കേണ്ടിയും വന്നു.തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി(32)നെയാണ് ഇക്കഴിഞ്ഞ 25ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു അറസ്റ്റ് നടക്കാൻ പാടില്ലായിരുന്നെന്നും ബനാന റിപ്പബ്ലിക്കിൽ മാത്രമേ ഇത് സംഭവിക്കൂവെന്നും കോടതി വിമര്‍ശിച്ചു.
അബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് ഉപഭോഗത്തിനായി മൂന്ന് ലിറ്റർ വരെ മദ്യം കൈവശം വയ്ക്കാനാകും.ഈ സാഹചര്യത്തിലാണ് 10 മില്ലി ലിറ്റർ മദ്യം സൂക്ഷിച്ചതിന് അബ്കാരി കേസിൽ യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥൻ കുടുക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയില്‍ കോടതിക്ക് സംശയമുണ്ടെന്നും ജഡ്ജി പറഞ്ഞു.
Adjust Story Font
16

