പി.എം ശ്രീ: സിപിഐ-സിപിഎം തർക്കം തീർന്നു; മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും
മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സിപിഐ എതിർപ്പ് അവഗണിച്ചുകൊണ്ട് സർക്കാർ ഒപ്പിട്ടതിനെ തുടർന്നുണ്ടായ മുന്നണിക്കകത്തെ തർക്കം അവസാനിപ്പിച്ചുകൊണ്ട് സമവായത്തിലേക്ക്. അൽപസമയത്തിനകം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചു. ഇളവ് അനുവദിക്കുന്നത് വരെ കരാർ മരവിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിസഭ യോഗത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ മന്ത്രിമാരെ സിപിഐ സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിർദേശം അംഗീകരിച്ചാണ് തീരുമാനം. ഉച്ചക്ക് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സിപിഎം മുന്നോട്ടുവെച്ച നിർദേശങ്ങൾ സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
ഏറെനാളായി എൽഡിഎഫിനെ പിടിച്ചുലച്ച പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. സിപിഐയുടെ നിർദേശം അംഗീകരിക്കാൻ തയ്യാറാണെന്ന് സിപിഎം അറിയിച്ചുകഴിഞ്ഞു പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയിൽ സർക്കാർ അസാധാരണ പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞകുറച്ച് നാളുകളായി.2017 ൽ തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയിൽ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ്.
തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ഉലച്ചിരുന്നു. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ ഇതോടെയാണ് മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായത്. കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പരിപാടികൾ റദ്ദാക്കി പുലർച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്തു. അനുനയത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടിറങ്ങുകയും ചെയ്തിരുന്നു.
Adjust Story Font
16

