'ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാട് ബലികഴിക്കരുത്'; പിഎം ശ്രീ പദ്ധതിയിൽ അംഗമാകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജനയുഗത്തിൽ ലേഖനം
സർക്കാരിന്റെ നയ വ്യതിയാനം ആത്മഹത്യാപരമെന്നും വിമര്‍ശനം

തിരുവനന്തപുരം:കേന്ദ്രസർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ അംഗമാകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഐ മുഖപത്രത്തില്‍ ലേഖനം. സർക്കാരിന്റെ നയ വ്യതിയാനം ആത്മഹത്യാപരമെന്ന് ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു. ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാട് ബലികഴിക്കരുത്.അർഹമായത് കിട്ടാത്തതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയും വേണം.പദ്ധതി നടപ്പാക്കിയാൽ കേരളത്തിൽ രണ്ടുതരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും. അങ്ങനെ വന്നാൽ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ലേഖനത്തിൽ പറയുന്നു.
പി.എം. ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഐ.സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയത്തിന്റെ സമീപനം ഇല്ലാതാകുമോ എന്ന ആശങ്കയുണ്ട്. എതിർപ്പറയിക്കേണ്ടയിടത്ത് അറിയിക്കുമെന്ന് ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിലെ സിപിഐയുടെ എതിർപ്പ് ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എതിർപ്പുന്നയിക്കുന്നതിൽ തെറ്റില്ല. ഫണ്ട് ഇല്ലാത്തതിനാലാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാരിന്‍റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നായിരുന്നു തീരുമാനത്തോടുള്ള വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഇന്നലെ പ്രതികരിച്ചത്. വെറുതെ 1466 കോടി രൂപ കളയേണ്ടല്ലോ എന്നും ശിവൻകുട്ടി പറഞ്ഞു.വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.. ഇന്ന് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.
2022ലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം ശ്രീ പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ തുടക്കം മുതൽക്കേ കേരളമടക്കം ബിജെപി ഇതര സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർത്തിരുന്നു. പദ്ധതിയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതാണ് ഇതിന് കാരണം.
Adjust Story Font
16

