Quantcast

സെമിനാറിൽ അതിഥിയായി സ്റ്റാലിൻ; സി.പി.ഐ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

മൂന്നിനു വൈകിട്ടാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് കാനം വിരുദ്ധർ

MediaOne Logo

Web Desk

  • Updated:

    2022-10-01 03:53:19.0

Published:

1 Oct 2022 2:10 AM GMT

സെമിനാറിൽ അതിഥിയായി സ്റ്റാലിൻ; സി.പി.ഐ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം
X

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പങ്കെടുക്കും.

നേതൃത്വത്തിലെ പ്രായപരിധിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന രൂക്ഷമായ വിഭാഗീയത സമ്മേളനത്തിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. പ്രായപരിധി നടപ്പാക്കുന്നതിൽ കാനം വിരുദ്ധർക്ക് ശക്തമായ എതിർപ്പുണ്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെല്ലാം ഇടയിലാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്.

വിവിധ ജില്ലകളിൽനിന്നുള്ള 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാവിലെ 9.30 മുതിർന്ന നേതാവ് സി. ദിവാകരൻ പതാക ഉയർത്തും. പുതിയ സാഹചര്യത്തിൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന നേതാവ് കൂടിയാണ് ദിവാകരൻ. 10 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം റിപ്പോർട്ടിൻമേലുള്ള ചർച്ച ആരംഭിക്കും.

പ്രായപരിധി നടപ്പാക്കുന്നതിൽ കാനം വിരുദ്ധരുടെ എതിർപ്പ് സമ്മേളനത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. പാർട്ടി ഭരണഘടനയിൽ പറയാത്ത കാര്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടായിരിക്കും ഇവർ സ്വീകരിക്കുക. എന്നാൽ, യുവാക്കളെ കൊണ്ടുവരാൻ പ്രായപരിധി നടപ്പാക്കണമെന്നാണ് കാനം പക്ഷത്തിന്റെ വാദം. 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാൽ സി. ദിവാകരൻ, കെ.ഇ ഇസ്മയിൽ ഇന്നിവർ നേതൃത്വത്തിൽനിന്ന് മാറിനിൽക്കേണ്ടിവരും. പ്രായപരിധിക്കെതിരെ സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരാനും ഇസ്മയിൽപക്ഷം ആലോചിക്കുന്നുണ്ട്. നേതൃത്വത്തിനും സർക്കാരിനും മന്ത്രിമാർക്കുമെതിരെ പൊതുചർച്ചകളിൽ വിമർശനം ഉയരാനുമിടയുണ്ട്.

മൂന്നാം തിയതി വൈകിട്ടാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് കാനം വിരുദ്ധർ. അങ്ങനെയെങ്കിൽ സി.പി.ഐയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായി ഇത് മാറും. സി.പി.ഐയുടെ ആഭ്യന്തരരാഷ്ട്രീയത്തിൽ നിർണായകമായ സമ്മേളനമാണ് മൂന്ന് ദിവസം നടക്കുന്നത്.

അതിനിടെ, സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. 'ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നുണ്ട്. വൈകിട്ട് നാലിന് ടാഗോർ തിയറ്ററിലാണ് സെമിനാർ നടക്കുന്നത്. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിലും സ്റ്റാലിൻ പങ്കെടുത്തിരുന്നു.

Summary: The delegates conference in the CPI state conference will begin today at Thiruvananthapuram. Tamil Nadu CM MK Stalin will participate in the seminar on Federalism as part of the conference.

TAGS :

Next Story