പൊതു ചർച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം; സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പരിഹാസവും വിമർശനവുമാണ് ഇന്നലത്തെ പൊതു ചർച്ചയിൽ ഉണ്ടായത്

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും, സിപിഎമ്മിനെതിരെയും, സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഇന്നലെ പൊതു ചർച്ചയിൽ ഉയർന്നത്.
സിപിഎം നേതാക്കളെ കാണുമ്പോൾ സംസ്ഥാന സെക്രട്ടറിക്കും, മന്ത്രിമാർക്ക് മുട്ടിടിക്കും, എന്നാണ് ചർച്ചയിൽ വിമർശനം ഉണ്ടായത്. പ്രായപരിധി കർശനമാക്കിയത് കെ.ഇ ഇസ്മയിലിനെയും, സി. ദിവാകരനെയും ഒഴിവാക്കാൻ വേണ്ടിയാണെന്നും ചിലർ പറഞ്ഞു. മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പരിഹാസവും വിമർശനവും ആണ് ഇന്നലത്തെ പൊതുചർച്ചയിൽ ഉണ്ടായത്. ബിനോയ് വിശ്വത്തിന് എന്തുപറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ബിനോയ് വിശ്വം വെളിച്ചപ്പാടാണോ എന്ന പരിഹാസം ചർച്ചയിൽ ഉയർന്നു. രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ഓരോരോ കാര്യങ്ങൾ പറയും. സിപിഎം നേതാക്കളെ കാണുമ്പോൾ സെക്രട്ടറിക്കും, മന്ത്രിമാർക്കും, മുട്ടിടിക്കും എന്നും ചർച്ചയിൽ വിമർശനം ഉണ്ടായി.
പാർട്ടിയിൽ പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന വിമർശനവും ഉയർന്നു വന്നു. സിപിഐയെ നിരന്തരമായി അവഗണിക്കുന്ന സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു മുന്നണി വിടണമെന്നും ഒരാൾ പറഞ്ഞു. പിണറായി സർക്കാർ എന്ന പ്രയോഗം ഉപേക്ഷിച്ച്, എൽഡിഎഫ് സർക്കാർ എന്നാക്കണം, അജിത് കുമാറിനെ മാറ്റിയതിൽ പാർട്ടിയുടെ പങ്ക് പ്രധാനപ്പെട്ടതായിരുന്നു, കൃഷിവകുപ്പ് പൂർണ്ണ പരാജയമാണ് തുടങ്ങിയ കാര്യങ്ങളും ചർച്ചയിൽ ഉയർന്നു വന്നു.
പ്രായപരിധിയിൽ ഇളവ് നൽകിയത് ഇസ്മായിലിനെയും, സി. ദിവാകരനെയും ഒഴിവാക്കാൻ വേണ്ടിയാണെന്നും ഒരംഗം വിമർശിച്ചു. ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയാണ് ജില്ലാ സമ്മേളനത്തിൽ നടക്കുന്നത്. വൈകിട്ടോടെ പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കും. മാങ്കോട് രാധാകൃഷ്ണൻ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.
Adjust Story Font
16

