സീറ്റ് വിഭജനത്തിൽ തർക്കം; കോഴിക്കോട്ട് സിപിഎമ്മിനെതിരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സിപിഐ
തുറയൂർ പഞ്ചായത്തിൽ എട്ടു വാർഡുകളിലാണ് സിപിഐ സ്ഥാനാർഥികൾ മത്സരിക്കുന്നത്

കോഴിക്കോട്: സീറ്റ് വിഭജനം പാളിയതോടെ കോഴിക്കോട് തുറയൂർ പഞ്ചായത്തിൽ സിപിഎമ്മിനെതിരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സിപിഐ. തുറയൂർ പഞ്ചായത്തിലെ എട്ടു വാർഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാർഥികൾ മത്സരിക്കുന്നത്.
സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തിൽ അർഹമായ പരിഗണന നൽകാൻ സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാനിറങ്ങിയത്. 14 വാർഡുകളിൽ സിപിഐക്ക് നൽകാൻ തയ്യാറായത് ഒരു സീറ്റ് മാത്രം. അതാകട്ടെ ജയ സാധ്യതയില്ലാത്ത സീറ്റും. ഇതോടെയാണ് മുന്നണി വിട്ട് ഒറ്റക്ക് മത്സരിക്കാൻ സിപിഐ തീരുമാനിച്ചത്.
എട്ടു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൻറെ അനുമതി ലഭിച്ചതിനാൽ ചിഹ്നത്തിൽ തന്നെയാണ് മത്സരം. 21 വയസുകാരിയായ ബിഡിഎസ് വിദ്യാർതഥിയെ ഉൾപ്പെടെയാണ് സിപിഎമ്മിനെ നേരിടാൻ സിപിഐ രംഗത്തിറക്കിയിരിക്കുന്നത്.
ഇടതു മുന്നണിയിലെ തർക്കം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. ഇത്തവണ ജയിക്കാനായില്ലെങ്കിലും ശക്തി കാണിച്ച് മുന്നണിയിൽ അർഹമായ പരിഗണന നേടിയെടുക്കാനാണ് സിപിഐ നീക്കം.
Adjust Story Font
16

