രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം: വി. കുഞ്ഞികൃഷ്ണനെതിരെ സിപിഎം നടപടി ഇന്നുണ്ടായേക്കും
പാർട്ടിയെ വെട്ടിലാക്കിയ കുഞ്ഞികൃഷ്ണനും മധുസൂദനന് വീണ്ടും സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തലവേദനയായതോടെ ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടി ഇന്നുണ്ടായേക്കും. അച്ചടക്കലംഘനത്തിന്റെ പേരിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കിയാലും ഫണ്ട് തട്ടിപ്പ് ആരോപണത്തെ എങ്ങിനെ പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കുമെന്നതാണ് പ്രതിസന്ധി. സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം കണ്ണൂരിൽ ചേരും.
പയ്യന്നൂരിലെ സിപിഎമ്മിൻ്റെ മുഖമായ ടി.ഐ മധുസൂദനൻ എംഎൽഎയെ പൊതുജനത്തിന് മുന്നിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് നാട്ടുകാരനായ വി. കുഞ്ഞികൃഷ്ണൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയ്ക്കിടെ അപ്രതീക്ഷിതമായാണ് കുഞ്ഞികൃഷ്ണൻ്റെ തുറന്നുപറച്ചിൽ. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നടക്കമുള്ള സാമ്പത്തിക തിരിമറി ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞതോടെ കോൺഗ്രസും ബിജെപിയും എംഎൽഎയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയ എതിരാളികൾ തെരഞ്ഞെടുപ്പ് രംഗത്തും വിഷയം ഉന്നയിക്കുമെന്ന് ഉറപ്പാണ്. പാർട്ടിയെ വെട്ടിലാക്കിയ കുഞ്ഞികൃഷ്ണനും മധുസൂദനന് വീണ്ടും സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തെ തടയുക സിപിഎമ്മിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.
തദേശ തെരഞ്ഞെടുപ്പിൽ കാര വാർഡിൽ നേതൃത്വത്തെ വെല്ലുവിളിച്ച് വിമതനായി മത്സരിച്ച് ജയിച്ച സി. വൈശാഖ് അടക്കമുള്ളവരുടെ പിന്തുണയും കുഞ്ഞികൃഷ്ണന് ശക്തി പകരും. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് കടുത്ത നടപടിക്കാകും ശുപാർശ ചെയ്യുക എന്നുറപ്പ്. അടുത്തിരിക്കുന്ന തെരഞ്ഞെടുപ്പ് സാഹചര്യവും പാർട്ടിയിൽ രൂക്ഷമായിരിക്കുന്ന വിഭാഗീയതയും കണ്ടുകൊണ്ടാകും സിപിഎം നേതൃത്വം വിഷയത്തിൽ തീരുമാനമെടുക്കുക. ഉച്ചകഴിഞ്ഞ് അഴീക്കോടൻ മന്ദിരത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം.
Adjust Story Font
16

