കണ്ണൂരിൽ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി. പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവർത്തിക്കാനുള്ള അസൗകര്യത്തെ തുടർന്നാണ് മാറ്റം. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത അമൽ ബാബുവിനെ പാർട്ടി അന്വേഷണത്തിന് ഒടുവിൽ തിരിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പുലർച്ചെ പാനൂർ പുളിയതോടിന് അടുത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരണപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ മരിച്ചായാൾ ഉൾപ്പെടെ 15 പ്രതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. പതിനഞ്ച് പ്രതികളും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഇതിൽ ഒരു പ്രതിയാണ് അമൽ ബാബു.
പാർട്ടിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് പറഞ്ഞു ഡിവൈഎഫ്‌ഐയുടെ ഭാരവാഹിയായിരുന്ന അമൽ ബാബുവിനെ അന്ന് തന്നെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.
Adjust Story Font
16

