Quantcast

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴക്കുന്നതിൽ ഗൂഢാലോചനയെന്ന് സി.പി.എം

വീണയുടെ കമ്പനി സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Aug 2023 7:58 AM GMT

cpm denies alligations against veena vijayan
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത്ക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ നിയമപരമായിത്തന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേർപ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് പണം നൽകിയത്. ആ പണമാവട്ടെ വാർഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചത്. രണ്ട് കമ്പനികൾ തമ്മിൽ ഉണ്ടാക്കിയ കരാർ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ട് കമ്പനികൾ തമ്മിൽ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചതെന്നും സി.പി.എം സെക്രട്ടറിയേറ്റ് പറഞ്ഞു.

സി.എം.ആർ.എൽ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തിൽ വീണയുടെ കമ്പനി ഇതിൽ കക്ഷിയല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി ഇലക്ഷൻ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെയുണ്ടായിട്ടുള്ളത്. രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാർക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കൺസൾടിങ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് പണം നൽകിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്.

ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്നത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേന്ദ്ര ഗവൺമെന്റും, അതിന്റെ വിവിധ ഏജൻസികളും രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന് കുടുംബാംഗങ്ങൾക്ക് നേരെ തിരിയുന്ന രീതി ഉയർന്നുവന്നിട്ടുണ്ട്. തെലങ്കാനയിലും, ബിഹാറിലുമെല്ലാം ഇത്തരം ഇടപെടലുകൾ നടന്നുവരുന്നുമുണ്ട്. ഈ സെറ്റിൽമെന്റ് ഓഡറിൽ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിന് പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ് പരാമർശം നടത്തിയെന്നതും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story