Quantcast

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതെന്ന് സി.പി.എം മുഖപത്രം

ചർച്ചകളിൽ തീരുമാനമറിയിക്കാമെന്ന് പറഞ്ഞ് പിരിയുന്ന സമര നേതാക്കൾ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്തെത്തുകയാണെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-29 02:35:26.0

Published:

29 Oct 2022 1:52 AM GMT

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതെന്ന് സി.പി.എം മുഖപത്രം
X

തിരുവനന്തപുരം: വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതെന്ന് സി.പി.എം മുഖപത്രം ദേശാഭിമാനി. കലാപം ആഗ്രഹിക്കുന്നതവും അല്ലാത്തവരുമെന്ന നിലയിൽ സമരക്കാർ രണ്ട് തട്ടിലായി. വിമോചന സമരത്തിന്‍റെ പാഠപുസ്കം ചിലർ ഇപ്പോഴും കയ്യിൽ കരുതുന്നുണ്ടോയെന്ന് സംശയമുണ്ട്. ചർച്ചകളിൽ തീരുമാനമറിയിക്കാമെന്ന് പറഞ്ഞ് പിരിയുന്ന സമര നേതാക്കൾ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്തെത്തുകയാണെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ്‌ പയറ്റുന്നത്‌. വസ്‌തുതകൾ മുഖവിലയ്‌ക്കെടുക്കാതെ എൽഡിഎഫ്‌ സർക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഇത്തരം വസ്‌തുതകൾ സംശയരഹിതമായി തെളിയിക്കുന്നത്‌ സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നാണ്‌. തുറമുഖ നിർമാണം നിർത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റ് ആറെണ്ണവും സംസ്ഥാന സർക്കാർ അംഗീകരിച്ചു. പദ്ധതി നിർത്തണമെന്ന നിർദേശം നടപ്പാക്കാനാകാത്തതാണെന്ന്‌ പലപ്രാവശ്യം നടത്തിയ ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്‌.

പക്ഷേ, ചർച്ചകളിൽ തീരുമാനം അറിയിക്കാമെന്ന്‌ പറഞ്ഞുപിരിയുന്ന നേതാക്കൾ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്ത്‌ സാന്നിധ്യമറിയിക്കുകയാണ്‌. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെന്ന നിലയിൽ സമരക്കാർ രണ്ട്‌ തട്ടിലായിരിക്കുന്നു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ നടപടിക്കൊപ്പംനിന്ന്‌ സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഒപ്പം കലാപനീക്കങ്ങളിൽനിന്ന്‌ ഉടൻ പിന്തിരിയേണ്ടതുമുണ്ട്‌.

കുറച്ചുനാളായി സമരത്തിന്‌ അവർ ആഗ്രഹിക്കുംവിധം വാർത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ്‌ കലാപസമാന അവസ്ഥയുണ്ടാക്കിയത്‌. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കുംനേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ്‌ അഴിച്ചുവിട്ടതും. പൊലീസിന്‍റെ ഭാഗത്തുനിന്ന്‌ ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. വൈദികരടക്കമുള്ളവരാണ്‌ നേതൃത്വത്തിൽ ഉണ്ടായതെന്നതും ഗൗരവതരമാണ്‌. സ്ത്രീകൾ ഉൾപ്പെടെ അതിൽ ഭാഗഭാക്കാകുകയുംചെയ്‌തു. വനിതാമാധ്യമ പ്രവർത്തകർക്കുനേരെ അശ്ലീല പരാമർശങ്ങൾ ഉണ്ടായതും നീതീകരിക്കാവുന്നതല്ല. തെറിയഭിഷേകവും തരംതാണ മുദ്രാവാക്യങ്ങളും അന്തരീക്ഷം മലിനമാക്കിയെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

TAGS :

Next Story