ബിജെപിയോടുള്ള കെ.പി.സി.സിയുടെ സമീപനത്തിൽ ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം
ബി.ജെ.പിയോട് സൗഹാർദ്ദ സമീപനം എന്നത് നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ മുഖമുദ്രയുമാണെന്നും സിപിഎം ആരോപിച്ചു

ബി.ജെ.പിയോടുള്ള കെ.പി.സി.സിയുടെ സമീപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും മാറ്റിയത്.
പുതിയതായി നിയമിതനായ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ബി.ജെ.പി മുഖ്യശത്രുവല്ലെന്നും അതിനാൽ എതിർക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചതെന്ന് സിപിഎം ആരോപിച്ചു. വർഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോൺഗ്രസ് സന്ധിചേരുമെന്നതിന്‍റെ വ്യക്തമായ സൂചനകളാണ് ഇത് നൽകുന്നതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. എല്ലാക്കാലത്തും ബി.ജെ.പിയോട് സൗഹാർദ്ദ സമീപനം എന്നത് നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ മുഖമുദ്രയുമാണെന്നും സിപിഎം ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വർഗീയ ശക്തികളുമായി കൈകോർത്തു.
ഇത് കേരളത്തിലെ ജനങ്ങൾ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. എന്നിട്ടും അതിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന സൂചനയാണ് കെ.പി.സി.സി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സി.പി.എം അറിയിച്ചു. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴൽപ്പണം ഇറക്കിയുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിയുടെ കുഴൽപ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ലെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16

