മുതിർന്ന സിപിഎം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? വീട്ടിലെത്തി കണ്ട് കെ.സുധാകരൻ
താനൊരു രാഷ്ട്രീയ മാറ്റത്തിനും തയ്യാറല്ലെന്നും സുധാകരന്‍ വന്നത് രോഗ വിവരമറിയാനെന്നും സി.കെ.പി പത്മനാഭന്‍ പ്രതികരിച്ചു

കണ്ണൂർ: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.പി പത്മനാഭനെ കോണ്‍ഗ്രസിലെത്തിക്കാന്‍ അണിയറ നീക്കം. സി.കെ.പിയുടെ വീട്ടിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി കൂടിക്കാഴ്ച നടത്തി. എന്നാൽ താൻ കോൺഗ്രസിലേക്കില്ലെന്നും രാഷ്ട്രീയ മാറ്റത്തിന് തയ്യാറല്ലെന്നും സി.കെ.പി പ്രതികരിച്ചു. സുധാകരന്‍റെ സന്ദർശനം രോഗവിവരമറിയാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.പി കഴിഞ്ഞ കുറേ നാളുകളുമായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ തളിപ്പറമ്പ് എംഎല്‍എയുമായിരുന്നു. പിന്നീട്, പി.ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ 2011 ല്‍ ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. മാടായി ഏരിയ കമ്മിറ്റിയില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
Adjust Story Font
16

