'നാടുനീളെ നടത്തിയ വർഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു'; എൽഡിഎഫിന്റെ തോൽവിയിൽ വെള്ളാപ്പള്ളിയുടെ പങ്ക് വലുതാണെന്ന് സിപിഎം നേതാവ്
മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ എം.ആർ ജയചന്ദ്രനാണ് വെള്ളാപ്പള്ളിയെ വിമർശിച്ച് രംഗത്തെത്തിയത്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് പ്രാദേശിക സിപിഎം നേതാവ്. മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ എം.ആർ ജയചന്ദ്രനാണ് വെള്ളാപ്പള്ളിയെ വിമർശിച്ച് രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ജയചന്ദ്രന്റെ വിമർശനം.
എൽഡിഎഫിനെ ജനങ്ങൾ ശിക്ഷിച്ചതിൽ വെള്ളാപ്പള്ളി നടേശന്റെ പങ്ക് ഏറെ വലുതാണ്. വെള്ളാപ്പള്ളി നാടുനീളെ നടന്ന് നടത്തിയ വർഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു. സ്വന്തം നിലനിൽപ്പിന് രണ്ട് വെള്ളത്തിൽ കാലുകുത്തിയുള്ള ഈ മനുഷ്യന്റെ നാടകങ്ങൾ തിരിച്ചറിയാത്തവർ കേരളത്തിലുണ്ടോ? ബിഡിജെഎസ് എന്ന സംഘടന വെള്ളാപ്പള്ളി ഉണ്ടാക്കിയത് ബിജെപിക്ക് വേണ്ടിയാണ്. അങ്ങനെയൊരാൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് കാപട്യമാണ്.
ജാതി ചോദിക്കരുത് പറയരുത് എന്ന പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ ഇത്രയധികം ലംഘിച്ച ഒരു വ്യക്തി വേറെയില്ല. കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്തുന്നതിൽ വെള്ളാപ്പള്ളി കാര്യമായ സംഭാവന ചെയ്തിട്ടുണ്ടെന്നും എൽഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടിയത് വെള്ളാപ്പള്ളിയാണെന്നതിൽ സംശയമില്ലെന്നും എം.ആർ ജയചന്ദ്രൻ കുറിച്ചു.
Adjust Story Font
16

