'ഞങ്ങളുടെയൊക്കെ മക്കൾ കല്യാണം കഴിച്ചിട്ടുണ്ട് അതൊക്കെ ഭർത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനാണ്, വോട്ടിന് വേണ്ടി വീട്ടിലെ സ്ത്രീകളെ കാഴ്ചവെക്കരുത്'; തെന്നലയിൽ സ്ത്രീകളെ അധിക്ഷേപിച്ച് സിപിഎം ലോക്കൽ സെക്രട്ടറി
തെന്നല പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.വി സയ്യിദ് അലി മജീദിനെതിരെയാണ് പരാതി

മലപ്പുറം: മലപ്പുറം തെന്നലയിൽ സ്ത്രീകളെ അധിക്ഷേപിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. തെന്നല പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.വി സയ്യിദ് അലി മജീദിനെതിരെ പരാതി. 'നിങ്ങൾ ഇരുപത് പേരെയിറക്കിയാൽ ഇരുനൂറ് പേരെയിറക്കാനുള്ള പെൺകുട്ടികൾ ഞങ്ങളുടെ വീട്ടിലുമുണ്ട്. ഞങ്ങളുടെയൊക്കെ മക്കൾ കല്യാണം കഴിച്ചത് ഭർത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനാണ്. വോട്ടിന് വേണ്ടി അന്യ ആണുങ്ങളുടെ മുന്നിൽ കാഴ്ചവെക്കനല്ല'. പ്രസംഗത്തിൽ സയ്യിദ് അലി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി ഇയാൾ ലോക്കൽ സ്ക്രട്ടറി സ്ഥാനത്ത് നിന്ന് നിലവിൽ മാറിയിട്ടുണ്ട്.
സയ്യിദ് അലി ഇത്തരത്തിൽ സ്ത്രീവിരുദ്ധ പ്രസംഗം നടത്തുമ്പോൾ കൂടെയുള്ളവർ കയ്യടിച്ചും ആർപ്പ് വിളിച്ചും പ്രതികരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. വനിതാ ലീഗ് അംഗങ്ങൾ ഇയാൾക്കെതിരെ പ്രചാരണം നടത്തിയതിനെ തുടർന്നാണ് വനിതാ ലീഗ് അംഗങ്ങളെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസംഗിച്ചത്.
വിജയാഹ്ലാദ പ്രകടനത്തിനിടെ മൈക്കിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന് കാണിച്ച് വനിത ലീഗും യൂത്ത് ലീഗും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ വനിതാ ലീഗിനെ മാത്രമല്ല പാണക്കാട്ടെ തങ്ങൾമാരെ വരെ പറയുമെന്നും പ്രസംഗത്തിൽ കെ.വി സയ്യിദ് അലി പറഞ്ഞു.
Adjust Story Font
16

