Quantcast

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; തെരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ട

ഇ.പി ജയരാജൻ പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയും ചർച്ച ചെയ്തേക്കും.

MediaOne Logo

Web Desk

  • Updated:

    2024-04-29 01:51:56.0

Published:

29 April 2024 12:58 AM GMT

cpm
X

തിരുവനന്തപുരം: സി.പി.എമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇ.പി ജയരാജൻ പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും. എന്നാൽ ഇ.പി ജയരാജൻ യോഗത്തിൽ പങ്കെടുത്തേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് ചേരുന്നത്. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ ചർച്ചകൾ നടത്തും. ഭരണവിരുദ്ധ വികാരമുണ്ടായില്ല എന്ന് വിലയിരുത്തുന്ന സി.പി.എം എട്ടു മുതല്‍ 12 വരെ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ്. ബൂത്ത് തലത്തിലെ കണക്കുകൾ ക്രോഡീകരിച്ച സിപിഎം ഇന്ന് വിശദ വിലയിരുത്തൽ നടത്തും.

ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിഷയമാണ് യോഗത്തിൽ വരാനുള്ള മറ്റൊരു പ്രധാനപ്പെട്ട വിഷയം .ഇപിയുടെ കൂടിക്കാഴ്ചയിലും അത് തുറന്നു പറഞ്ഞ സമയത്തിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇ.പിക്കെതിരെ യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും ഇടതുമുന്നണി കൺവീനർ എന്ന നിലയിലും ഇ പി ജയരാജൻ ജാഗ്രത പുലർത്തിയില്ലെന്നാണ് നേതാക്കൾ പറയുന്നത്. തെരഞ്ഞെടുപ്പ് പോളിങ്ങിന്റെ ദിവസം തന്നെ ഇ.പി കുറ്റസമ്മതം നടത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇത് യോഗത്തിൽ പ്രതിഫലിക്കും. അച്ചടക്കം നടപടി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഈ ഘട്ടത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നടപടിയുടെ കാര്യത്തിൽ പാർട്ടി പിന്നീട് തീരുമാനമെടുക്കും.

TAGS :

Next Story