Quantcast

'സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപം'; കോടിയേരിയെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

'വ്യക്തിജീവിതത്തെ പൂർണമായും പാർട്ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമ'

MediaOne Logo

Web Desk

  • Updated:

    2022-10-02 03:03:47.0

Published:

2 Oct 2022 2:57 AM GMT

സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപം; കോടിയേരിയെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
X

തിരുവനന്തപുരം: മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ആശയപരമായും സംഘടനാപരമായും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പ്രത്യയശാസ്ത്ര മികവ് കാണിച്ച സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

'അചഞ്ചലമായ പാർട്ടി കൂറും, പ്രതിബദ്ധതയും കൊണ്ട് മാതൃകയായിത്തീർന്ന മഹത്തായ കമ്യൂണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്ത്യാഗപൂർണവും, യാതനാ നിർഭരവുമായ ജീവിതം നയിച്ചു. പാർട്ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാർട്ടിക്കായി സമർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി തുടർഭരണം എൽഡിഎഫിന് ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വ്യക്തിജീവിതത്തെ പൂർണമായും പാർട്ടി ജീവിതത്തിനു കീഴ്പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുശോചന സന്ദേശം

വ്യക്തിജീവിതത്തെ പൂർണമായും പാർട്ടി ജീവിതത്തിനു കീഴ്പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. കടുത്ത ശാരീരിക വിഷമതകൾ പോലും പാർട്ടി ഏൽപ്പിച്ച ചുമതലകൾക്കു തടസമാവരുത് എന്ന കാര്യത്തിൽ അസാധാരണ നിഷ്‌കർഷയായിരുന്നു സഖാവിന്. അചഞ്ചലമായ പാർട്ടി കൂറും, പ്രതിബദ്ധതയും കൊണ്ട് മാതൃകയായിത്തീർന്ന മഹത്തായ കമ്യൂണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

വിദ്യാർഥി യുവജന രംഗങ്ങളിലൂടെ പാർടിയുടെ നേതൃനിരയിലേക്കു വളർന്നു വന്നു. ത്യാഗപൂർണവും, യാതനാ നിർഭരവുമായ ജീവിതം നയിച്ചു. പാർട്ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാർടിക്കായി സമർപ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു സഖാവ് കോടിയേരിയുടേത്.

സിപിഐഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തിൽ ആദ്യമായി തുടർഭരണം എൽഡിഎഫിന് ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാർട്ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിർ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാർട്ടിയെ സംരക്ഷിച്ചു.

സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി. ആശയപരമായും സംഘടനാപരമായും പാർട്ടിയെ ശക്തിപ്പെടുത്തി നയിക്കുന്നതിൽ അനതിസാധാരണമായ സംഘടനാ പ്രത്യയശാസ്ത്ര മികവുകാട്ടി. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ് കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് കോടിയേരി വീണ്ടും എത്തിയത്.

നിരവധി ധീര പോരാട്ടങ്ങളാൽ രൂപപ്പെട്ട വ്യക്തിത്വമാണ്. ഏതു പ്രതിസന്ധികളെയും പ്രത്യയശാസ്ത്ര ദൃഢത കൊണ്ടു നേരിട്ടു. ചിട്ടയായ സംഘടനാ പ്രവർത്തനം, പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാർട്ടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം ഇവയെല്ലാം കോടിയേരിയിൽ ഉൾച്ചേർന്നു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973-ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടർന്നു.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി 1980 - 82ൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1990- 95ൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1988-ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1995-ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കോടിയേരി 2002-ൽ ഹൈദരാബാദ് 17-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008-ലെ 19-ാം പാർടി കോൺഗ്രസിൽ പിബി അംഗമായി. 2015-ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായത്. 2018-ൽ തൃശൂർ സമ്മേളനത്തിൽവെച്ച് രണ്ടാമതും, എറണാകുളം സമ്മേളനത്തിൽവെച്ച് മൂന്നാമതും പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു.

അസുബാധിതനായതിനെ തുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. പിബി അംഗമായിരിക്കെയാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.

1987, 2001, 2006, 2011-ലും നിയമസഭയിൽ തലശേരിയെ പ്രതിനിധാനം ചെയ്തു. 2006 - 11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്നു. ചിട്ടയായ സംഘടനാ പ്രവർത്തനവും, എണ്ണമറ്റ പോരാട്ടങ്ങളും നൽകിയ അനുഭവത്തിന്റെ കരുത്താണു കോടിയേരിയെ രൂപപ്പെടുത്തിയത്. പാർട്ടി അർപ്പിച്ച വിശ്വാസം മുറുകെപിടിച്ച് കൂട്ടായ പ്രവർത്തനങ്ങളുമായി അദ്ദേഹം എന്നും നീങ്ങി. ആ പ്രക്രിയയിൽ പാർട്ടി ശക്തിപ്പെട്ടു.

അടിയന്തരാവസ്ഥയിൽ അറസ്റ്റിലായ കോടിയേരി, ലോക്കപ്പിൽ ക്രൂര മർദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയിൽവേ സമരത്തിൽ പൊലീസിന്റെ ഭീകര മർദ്ദനമേറ്റു.

1971-ലെ തലശേരി കലാപത്തിൽ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരാനും സഹായം നൽകാനുമുള്ള സ്‌ക്വാഡ് പ്രവർത്തനത്തിൽ സജീവമായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മർദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി വിജയൻ, ഇമ്പിച്ചിബാവ, വി.വി ദക്ഷിണാമൂർത്തി, എം.പി വീരേന്ദ്രകുമാർ, ബാഫഖി തങ്ങൾ എന്നിവർക്കൊപ്പം ജയിൽവാസം. ഈ സമയം രാഷ്ട്രീയ പഠനവും ഹിന്ദി പഠനവും നടന്നു.

തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎൻയുവിലെ വിദ്യാർഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ച് നടന്ന സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരം എന്നിവയിൽ പങ്കെടുത്തപ്പോൾ പൊലീസിന്റെ ഭീകര മർദനമേറ്റു.

1982, 1987, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2001-ലും 2011-ലും പ്രതിപക്ഷ ഉപനേതാവായി. 2006-ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനികവൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി. കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പുപതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി.

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ നിയമസഭയിൽ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്മകൾ തുറന്നുകാട്ടാനും, ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമർഥമായ നേതൃത്വംനൽകി.

പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്നും ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കണമെന്നും പാർടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.

ആദരസൂചകമായി 03.10.2022 - ന് മാഹി, തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും. 2 ന് പൂർണ്ണമായും തലശ്ശേരി ടൗണിൽ പൊതുദർശനം. തുടർന്ന് കോടിയേരിയിലെ മാടപ്പീടികയിലെ വീട്ടിൽ പൊതുദർശനത്തിന് 03.10.2022 രാവിലെ 10 മണിവരെ. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 03.10.2022-ന് രാവിലെ 11 മണി മുതൽ പൊതുദർശനം. തുടർന്ന് വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരംനടക്കും.

TAGS :

Next Story