വീണാ ജോർജിനെതിരായ ആക്രമണം രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം; പ്രതിരോധം തീർക്കാൻ കോൺഗ്രസ്
മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ല എന്നതാണ് യുഡിഎഫ് പ്രചാരണത്തിന്റെ കുന്തമുന

തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരായ കെഎസ്‌യു ആക്രമണം രാഷ്ട്രീയ വിഷയമാക്കി സജീവമായി നിർത്താൻ സിപിഎം തീരുമാനം. ആരോഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത് വച്ചതിന് പിന്നാലെ ആക്രമണം നടത്തിയത് ആസൂത്രിതമാണെന്നാണ് സിപിഎം നിലപാട്. കെഎസ്‌യുക്കാരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തള്ളി പറയാത്തതും സിപിഎം പ്രചാരണവിഷയമാക്കും. എന്നാൽ വ്യാപകമായി കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതും മർദനത്തിന്റെ ദൃശ്യങ്ങൾ ഇല്ല എന്ന വാദവും ഉയർത്തി പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ മന്ത്രിയെ ആക്രമിച്ചു എന്ന പ്രചാരണമാണ് സിപിഎം അഴിച്ചുവിട്ടിരിക്കുന്നത്. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ എല്ലാ ജില്ലകളിലും എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ പ്രചരണാർഥം വെച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ കുത്തിക്കീറി.
കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു.ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. സിപിഎം പ്രവർത്തകരാണ് ഓഫീസിന് തീയിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിഷേധത്തിനിടെ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് സി.വി സംജിത്തിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. കോൺഗ്രസ് ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ തടയുന്നതിനിടെയാണ് മർദനമേറ്റത്. സംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മലപ്പുറം പാണ്ടിക്കാടും സിപിഎം- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കോഴിക്കോട് കുരുവട്ടൂരിൽ കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കോട്ടയം ഈരാറ്റുപേട്ടയിൽ സിപിഎം - ഡിവൈഎഫ്ഐ മാർച്ചിനിടെ യുഡിഎഫ് പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.
എന്നാൽ സിപിഎമ്മിന്റെ പ്രചാരണം തെറ്റാണെന്ന് പറഞ്ഞു പ്രതിരോധിക്കുകയാണ് യുഡിഎഫ്. മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇല്ല എന്നതാണ് പ്രചാരണത്തിന്റെ കുന്തമുന. പ്രതിഷേധ പ്രകടനത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സിപിഎം പ്രവർത്തകർ നടത്തിയത് ഉയർത്തിക്കാട്ടാനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്.
Adjust Story Font
16

