കാഫിർ സ്‌ക്രീൻഷോട്ട് കേസ് അറസ്റ്റ്: സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് ജിതിന് പങ്കുണ്ടെന്ന് അംഗീകരിക്കൽ: വി.ടി ബൽറാം
''വീണ തൈക്കണ്ടിക്ക് ലഭിച്ച യാതൊരു പിന്തുണയും ഈ ഡിവൈഎഫ്ഐക്കാരന് ലഭിച്ച് കാണുന്നില്ല''

- Published:
16 Jun 2026 10:53 PM IST

തിരുവനന്തപുരം: വടകര പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌ക്കർ അറസ്റ്റിലായ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎല്‍എ.
അറസ്റ്റിലായ നേതാവിനെ പിന്തുണയ്ക്കാനോ നിരപരാധിത്വം വാദിക്കാനോ സി.പി.എം-ഡിവൈഎഫ്ഐ നേതൃത്വം തയ്യാറാകാത്തത് ഇയാളുടെ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം സ്വന്തം പാർട്ടി തന്നെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വീണ തൈക്കണ്ടി ഉൾപ്പെടെയുള്ളവർക്ക് പാർട്ടിയിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നും ലഭിച്ച യാതൊരു പിന്തുണയും ജിതിന് ലഭിക്കാത്തത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഭരണം മാറിയത് കൊണ്ട് മാത്രമാണ് സിപിഎമ്മിനകത്തെ ഇത്തരം ക്രിമിനൽ മനസ്സുള്ള വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് സാധിച്ചതെന്ന് വി.ടി ബൽറാം അഭിപ്രായപ്പെട്ടു. "സിപിഎം ഇത്തവണയും ഭരണത്തിൽ തുടർന്നിരുന്നുവെങ്കിൽ ഇത്തരം 'പൊളിറ്റിക്കൽ പോയ്‌സണു'കൾ അവരുടെ കുത്സിത പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടു പോയേനെ എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്." - വി.ടി. ബൽറാം എംഎല്‍എ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'കാഫിർ സ്ക്രീൻഷോട്ട്' വ്യാജമായി നിർമ്മിച്ച് വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌ക്കർ അറസ്റ്റിലായിരിക്കുന്നു. അറസ്‌റ്റിൽ പ്രതിഷേധിച്ചുകൊണ്ടോ ഇയാൾ നിരപരാധിയാണെന്ന് വാദിച്ചുകൊണ്ടോ ഒരു സിപിഎം/ഡിവൈഎഫ്ഐ നേതാക്കളും ഇതുവരെ പ്രതികരിച്ചുകാണുന്നില്ല. വീണ തൈക്കണ്ടിക്ക് ലഭിച്ച യാതൊരു പിന്തുണയും ഈ ഡിവൈഎഫ്ഐക്കാരന് ലഭിച്ച് കാണുന്നില്ല.
അതായത്, വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കൂടെയുള്ളവർ തന്നെ അംഗീകരിക്കുകയാണെന്ന് അനുമാനിക്കാം. എത്ര ഗുരുതരമായ ഒരവസ്ഥയാണെന്ന് നോക്കൂ. ഭരണം മാറി ഒരു ജനകീയ സർക്കാർ അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ് സിപിഎമ്മിനകത്തെ ഇതുപോലുള്ള ക്രിമിനൽ മനസ്സുള്ള വർഗീയവാദികളെ പിടിക്കാൻ നമ്മുടെ പോലീസിനു സാധിക്കുന്നത്. സിപിഎം ഇത്തവണയും ഭരണത്തിൽ തുടർന്നിരുന്നുവെങ്കിൽ ഇത്തരം 'പൊളിറ്റിക്കൽ പോയ്‌സണു'കൾ അവരുടെ കുത്സിത പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടു പോയേനെ എന്നർത്ഥം.
ക്രിമിനലുകളെ പോറ്റിവളർത്തുന്ന, നാടിനെ അപകടകരമായ വിഭജനത്തിലേക്ക് നയിക്കുന്ന, ഈ മാഫിയാ സിസ്‌റ്റത്തെ പൊളിച്ചടുക്കുക എന്നത് സ്വൈരജീവിതം ആഗ്രഹിക്കുന്ന മുഴുവൻ മലയാളികൾക്കും വേണ്ടി സർക്കാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്.
Adjust Story Font
16
