കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
'വടകര സ്ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ഭാസ്കറാണെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക അറസ്റ്റ്. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറൽ എസ്പി ഫറാഷ് അറസ്റ്റ് സ്ഥിരീകരിച്ചു. പ്രചരിച്ചതുമായി ബന്ധപ്പെട്ട പ്രധാനിയെന്ന നിലയിലാണ് പിടികൂടിയതെന്നും ഉറവിടം കണ്ടെത്തുന്നതിലേക്ക് അറസ്റ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് സന്ദേശമായി പങ്കുവെച്ചത് ജിതിനാണെന്നും എസ്ഐടി കണ്ടെത്തി. സ്ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ ലഭിച്ച എല്ലാവർക്കും ഷെയർ ചെയ്തെന്നും വടകര സ്ക്വാഡ് ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പങ്കുവെച്ചെന്നും എസ്ഐടിക്ക് നിർണായക വിവരം ലഭിച്ചു.
ആരാണ് കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചതെന്നതും യഥാർഥ ഉറവിടം എവിടെയാണെന്ന് കണ്ടുപിടിക്കലുമായിരുന്നു അന്വേഷണ സംഘത്തിന്‍റെ മുൻപിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൌണ്ടറെന്ന' ഗ്രൂപ്പിൽ പങ്കുവെച്ചതായിരുന്നെന്നും ഇതിന്‍റെ യഥാർത്ഥ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്തുക അസാധ്യമാണെന്നുമുള്ള നിലയിൽ കഴിഞ്ഞ സർക്കാർ കേസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട്, പ്രത്യേക അന്വേഷണം രൂപീകരിച്ചുള്ള അന്വേഷണത്തിലാണ് 'വടകര സ്ക്വാഡ്' എന്ന പേരിലുള്ള ഗ്രൂപ്പിൽ നിന്നാണ് റിബേഷിന് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജിതിൻ ഭാസ്കറിലേക്ക് പ്രത്യേക അന്വേഷണസംഘമെത്തിയത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയതിന് ശേഷം ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. ഇയാൾ തന്നെയാണ് സ്ക്രീൻഷോട്ട് നിർമിച്ചതിന് പിന്നിലുമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തേക്കും.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസിലെ നിർണായക വഴിത്തിരിവുകൾ.
കേസിൽ നിലവിൽ പിടിയിലായിരിക്കുന്നത് ചെറിയ പരൽമീനുകളാണെന്നും അന്വേഷണം ഉന്നതരിലേക്ക് ഉടൻ എത്തിച്ചേരുമെന്നും കെപിസിസി പ്രസിഡന്‍റ് കെ.പ്രവീൺകുമാർ എംഎൽഎ പ്രതികരിച്ചു. അന്വേഷണത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കേവലം ഒരു ഡിവൈഎഫ്ഐ നേതാവ് വിചാരിച്ചാൽ ഇത്തരം സ്ക്രീൻഷോട്ടുകൾ ഉണ്ടാകില്ലെന്നും പ്രവീൺകുമാർ പറഞ്ഞു.
Adjust Story Font
16

