ഓഫര്‍ തട്ടിപ്പ്; ഗുണഭോക്താക്കളുടെയും തട്ടിപ്പിനിരയായവരുടെയും മൊഴി ഇഡി രേഖപ്പെടുത്തും
പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം

കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഗുണഭോക്താക്കളുടെയും തട്ടിപ്പിനിരയായവരുടെയും മൊഴിയെടുക്കും. കേസിൽ ഇഡിയും ഉടൻ അന്വേഷണം ആരംഭിക്കും. കോൺഗ്രസ്,ബിജെപി നേതാക്കന്മാരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം. കോടികളുടെ തട്ടിപ്പിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ, തട്ടിയെടുത്ത പണം പ്രതി അനന്തുകൃഷ്ണൻ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇഡി. അതിനിടെ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം ഇന്ന് യോഗം ചേർന്നേക്കും. ക്രൈം ബ്രാഞ്ച് എസ്പി എം.ജെ സോജന്‍റെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്റ്റേഷനുകളിലെ കേസ് ഫയലുകൾ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ആദ്യഘട്ടത്തിൽ ലാപ്ടോപ്പ് , സ്കൂട്ടർ, തയ്യൽ മെഷീനുകൾ എന്നിവ ലഭിച്ചവരുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷമാകും പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. അതിനിടെ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് നടന്നതെന്നും കോൺഗ്രസ് ബിജെപി നേതാക്കന്മാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ ഹൈക്കോടതിയിൽ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രതി അനന്തു കൃഷ്ണൻ.
Adjust Story Font
16

