Quantcast

'ലീലാവതി ടീച്ചർ ഗസ്സക്ക് വേണ്ടി സംസാരിച്ചത് മനുഷ്യസ്നേഹിയുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ' സൈബറാക്രമണങ്ങള്‍ അപലപനീയമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഭക്ഷണത്തിനായി ഇരുന്ന് പാത്രവും നീട്ടിനൽക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്നായിരുന്നു ലീലാവതിയുടെ പരാമർശം

MediaOne Logo

Web Desk

  • Updated:

    2025-09-16 06:26:05.0

Published:

16 Sept 2025 9:25 AM IST

ലീലാവതി ടീച്ചർ ഗസ്സക്ക് വേണ്ടി സംസാരിച്ചത്  മനുഷ്യസ്നേഹിയുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ സൈബറാക്രമണങ്ങള്‍ അപലപനീയമെന്ന് മന്ത്രി വി.ശിവൻകുട്ടി
X

തിരുവനന്തപുരം: ഗസ്സ വംശഹത്യക്കെതിരായ പരാമർശത്തിൽ സംഘ്പരിവാർ ഐഡികളിൽ നിന്ന് ഡോ. എം ലീലാവതിക്കെതിരെ സൈബർ ആക്രമണം. ഭക്ഷണത്തിനായി ഇരുന്ന് പാത്രവും നീട്ടിനൽക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്നായിരുന്നു ലീലാവതിയുടെ പരാമർശം. ഇതിനെതിരെയായിരുന്നു വലിയ രീതിയില്‍ സൈബറാക്രമണം നടന്നത്.

ചോറിനോടല്ലേ മടുപ്പുള്ളൂ,കിട്ടിയ കുഴിമന്തി ഇറങ്ങുമോയെന്ന് നോക്കൂ ടീച്ചറേ എന്നാണ് 'കാസ' യുടെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്വന്തം രാജ്യത്ത് ടൂറിസ്റ്റുകളായി കശ്മീരിലെത്തിയനിരപരാധികളായ 27 പേരെ മതംചോദിച്ച് വെടിവെച്ച് കൊന്നപ്പോഴും ഒരു കുഴപ്പമില്ലായിരുന്നോവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇസ്രായേലിനൊപ്പമെന്ന് പറഞ്ഞാണ് 'കാസ'യുടെ കുറിപ്പ് അവസാനിക്കുന്നത്. ഗസ്സയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നടക്കമുള്ള അധിക്ഷേപങ്ങളും ലീലാവതിക്കെതിരെ ഉയരുന്നുണ്ട്.

അതേസമയം, ലീലാവതി ടീച്ചറിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് ടീച്ചർ. ഗസ്സയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ല എന്ന് അവർ പറഞ്ഞത്, ഒരു മനുഷ്യസ്നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിൻ്റെ സാംസ്കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്.ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയും ലീലാവതി ടീച്ചറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ലീലാവതി ടീച്ചറിനെതിരെയുള്ള ഏത് അതിക്രമും അപലപനീയവും പ്രതിഷേധാർഹവുമാണെന്നും ചിലര്‍ കമന്‍റ് ചെയ്തു. ലീലാവതി ടീച്ചറെ അധിക്ഷേപിച്ചു നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.

വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഡോ. എം.ലീലാവതി ടീച്ചറിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയം.

മലയാളത്തിൻ്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. 98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് ടീച്ചർ. ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ല എന്ന് അവർ പറഞ്ഞത്, ഒരു മനുഷ്യസ്നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ്.

അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിൻ്റെ സാംസ്കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്. അധ്യാപിക, നിരൂപക, എഴുത്തുകാരി എന്നീ നിലകളിൽ ലീലാവതി ടീച്ചർ മലയാളത്തിന് നൽകിയ സംഭാവനകൾക്ക് കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.


TAGS :

Next Story