Quantcast

ഡിസിസി പുനഃസംഘടന: തിരുവനന്തപുരത്ത് അധ്യക്ഷ പദവിക്കായി കരുനീക്കങ്ങള്‍ സജീവം; ദീപാദാസ് മുൻഷിക്ക് നേരിട്ട് ബയോഡാറ്റ വരെ നൽകിയവരും ഏറെ

പദവി ഏറ്റെടുക്കാതെ മുതിര്‍ന്ന നേതാക്കള്‍

MediaOne Logo

Web Desk

  • Published:

    18 May 2025 1:37 PM IST

ഡിസിസി പുനഃസംഘടന: തിരുവനന്തപുരത്ത് അധ്യക്ഷ പദവിക്കായി കരുനീക്കങ്ങള്‍ സജീവം; ദീപാദാസ് മുൻഷിക്ക് നേരിട്ട് ബയോഡാറ്റ വരെ നൽകിയവരും ഏറെ
X

തിരുവനന്തപുരം: ഡിസിസി പുനഃസംഘടന ഉറപ്പായതോടെ തിരുവനന്തപുരത്ത് കോൺഗ്രസിൽ കരുനീക്കങ്ങൾ സജീവം . കേരളത്തിന്‍റെ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നേരിട്ട് ബയോഡാറ്റ വരെ നൽകി അധ്യക്ഷ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങൾ വരെ നേതാക്കൾ നടത്തുന്നു.അതിനിടെ വി. എസ്. ശിവകുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ ഡിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയ്യാറല്ല.

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി, കോർപറേഷനിലടക്കം നേട്ടം ഉണ്ടാക്കണം. അതിനാൽ തിരുവനന്തപുരത്ത് എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന മുതിർന്ന നേതാവ് ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തണ എത്തണമെന്ന് അഭിപ്രായം ശക്തമാണ്. അങ്ങനെയാണ് വി.എസ് ശിവകുമാറിൻ്റെ പേര് ഉയർന്നത്. എന്നാൽ 2007 ൽ വഹിച്ച പദവി ഏറ്റെടുക്കാൻ വിഎസ് ശിവകുമാർ തയ്യാറല്ല.

സംഘടനാ ദൗർബല്യം ഏറെയുള്ള തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ പഴി കേൾക്കേണ്ടി വരും എന്നത് ശിവകുമാർ അടക്കമുള്ള മുതിർന്ന നേതാക്കളെ പിന്തിരിപ്പിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതും അത്തരം നേതാക്കളുടെ താല്പര്യക്കുറവിന് കാരണമാണ്.

അപ്പോഴും ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നവരുടെ പട്ടികയ്ക്ക് കുറവില്ല. ദീപ ദാസ് മുൻഷിയെ നേരിട്ട് കണ്ട് താല്പര്യമറിയിച്ചവർ വരെ അതിൽ പെടും.ചെമ്പഴന്തി അനിൽ, കെ.എസ് ശബരിനാഥ്, മണക്കാട് സുരേഷ്, ജെ.എസ് അഖിൽ എന്നിവരുടെ പേരുകളാണ് നിലവിൽ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതിനാൽ കെ.എസ് ശബരിനാഥൻ കൂടി മാറിനിന്നാൽ മറ്റു പേരുകളിലേക്ക് ചർച്ചകൾ നീളും. പുനഃസംഘടന നടപടികൾ പൂർത്തീകരിക്കേണ്ട ചുമതല പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. സ്വാഭാവികമായും ഇവരുടെ പിന്തുണ തലസ്ഥാനത്തെ ഡിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ നിർണായകമാവും.


TAGS :

Next Story