തൃപ്പൂണിത്തുറയിലെ 15കാരന്റെ മരണം: 'സ്കൂളിന്റെ വാദങ്ങളെല്ലാം തെറ്റ്'; റാഗിങ് നടന്നെന്ന് കുടുംബം
കുടുംബം പരാതി നൽകിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞിരുന്നു

എറണാകുളം: തൃപ്പൂണിത്തുറയിലെ 15കാരന്റെ മരണത്തിൽ സ്കൂൾ പറയുന്ന വാദങ്ങളെല്ലാം തെറ്റാണെന്ന് മരിച്ച മിഹിറിന്റെ അമ്മാവൻ ഷരീഫ്. റാഗിങ് നടന്നിട്ടുണ്ടെന്ന് ജനുവരി 23ന് സ്കൂളിന് പരാതി നൽകിയെന്നും വിവരങ്ങൾ പൊലീസിന് കൈമാറി എന്നായിരുന്നു മറുപടിയെന്നും ഷരീഫ് മീഡിയവണിനോട് പറഞ്ഞു.
കുടുംബം പരാതി നൽകിയിട്ടില്ലെന്നും റാഗിങ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് മിഹിർ പറഞ്ഞട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു എന്നും സ്കൂൾ അധികൃതർ അറിയിച്ചിരുന്നു.
ജനുവരി 15നായിരുന്നു മിഹിര്‍ ഫ്ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മരിച്ചത്. കുട്ടി സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നാണ് അമ്മയുടെ പരാതി. സഹപാഠികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. മിഹിര്‍ ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നുവെന്നും അമ്മ പരാതിപെട്ടിരുന്നു.
Adjust Story Font
16