Quantcast

കോഴിക്കോട്ട് നിന്ന് കാണാതായ ദീപക്കിനെ ഇന്ന് നാട്ടിൽ എത്തിക്കും

ഏഴ് മാസം മുമ്പ് കാണാതായ ദീപകിനെ ഇന്നലെയാണ് ഗോവയിൽ നിന്ന് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-02-01 04:33:30.0

Published:

1 Feb 2023 4:23 AM GMT

Deepak,  Kozhikode,missing case, goa,
X

കോഴിക്കോട്: മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക്കിനെ ഇന്ന് കോഴിക്കോട് എത്തിച്ചേക്കും. ഏഴ് മാസം മുമ്പ് കാണാതായ ദീപകിനെ ഇന്നലെയാണ് ഗോവയിൽ നിന്ന് കണ്ടെത്തിയത്. ദിപകിനെ തിരിച്ചെത്തിക്കാൻ കോഴിക്കോട് റൂറൽ പൊലീസ് സംഘം ഗോവയിലെത്തി. കഴിഞ്ഞവർഷം ജൂൺ ഏഴു മുതലാണ് ദീപക്കിനെ കാണാതായത്. ദിപക് ആണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം ബന്ധുക്കള്‍ സംസ്കരിച്ചിരുന്നു.

ഏറെ ദുരൂഹത ഉയർത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ജില്ലാ ക്രൈംബ്രാഞ്ചാണ് തിരോധാനം അന്വേഷിച്ചിരുന്നത്. നേരത്തെ ഗോവ പൊലീസിന് ജില്ലാ ക്രൈംബ്രാഞ്ച് വിവരങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപക്കിനെ കണ്ടെത്തിയിരിക്കുന്നത്.

ജൂൺ ഏഴിന് ജോലിക്ക് പോയ ശേഷമാണ് ദീപക്കിനെ കാണാതാവുന്നത്. ജൂൺ 19ഓടെ പരാതിയുമായി കുടുംബം രംഗത്തെത്തി. തുടർന്ന് ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെയാണ് ജൂലൈ 17ന് വാടിക്കൽ കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്.

സംശയം തോന്നിയ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവർ ദീപക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങുകയും സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഡി.എൻ.എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും നേരത്തെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട കാണാതായ പന്തീരിക്കര സ്വദേശി ഇർഷാദിന്റേതാണെന്നും കണ്ടെത്തുകയായിരുന്നു.

തുടർന്നാണ് ദീപക് എവിടെയെന്ന ചോദ്യം വീണ്ടുമുയർന്നത്. ഇതോടെ രണ്ട് മാസം മുമ്പ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. ഇവർ നടത്തിയ അന്വേഷണത്തിൽ ദീപക് ഗോവയിലുണ്ടാകാമെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ടു.തുടർന്ന് ദീപക്കിന്റെ ചിത്രങ്ങളുൾപ്പെടെ അയച്ചുകൊടുക്കുകയും നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുവാവിനെ കണ്ടെത്തിയെന്ന വിവരങ്ങൾ കേരളാ പൊലീസിന് ലഭിക്കുന്നതും ഇക്കാര്യം സ്ഥിരീകരിക്കുന്നതും.

TAGS :

Next Story