മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഭീഷണി ജനാധിപത്യ കേരളം ചെറുക്കും: ഐഎസ്എം
മീഡിയവൺ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെയുള്ള ആർഎസ്എസ് - ബിജെപി നീക്കം ജനാധിപത്യ കേരളം ചെറുക്കുമെന്ന് ഐഎസ്എം ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ പറഞ്ഞു

കോഴിക്കോട്: വോട്ടിന് നോട്ട് എന്ന വാർത്ത പുറത്തുകൊണ്ടുവന്ന മീഡിയവൺ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെയുള്ള ആർഎസ്എസ് - ബിജെപി നീക്കം ജനാധിപത്യ കേരളം ചെറുക്കുമെന്ന് ഐഎസ്എം ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.
സത്യം വിളിച്ചുപറയുകയും അഴിമതികൾ തുറന്നുകാട്ടുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നത് വ്യാമോഹം മാത്രമാണ്. കേരളത്തിന് പരിചിതമല്ലാത്ത ഉത്തരേന്ത്യൻ മോഡലിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത ഇത്തരം ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാജിദ് അജ്മലിന് പൊലീസ് സംരക്ഷണം നൽകാനുള്ള സംസ്ഥാന പോലീസ് വകുപ്പിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും ഹാസിൽ മുട്ടിൽ പറഞ്ഞു. ഭയരഹിതമായി മാധ്യമപ്രവർത്തനം നടത്താനുള്ള സുരക്ഷിതമായ സാഹചര്യം സംസ്ഥാനത്ത് ഉറപ്പുവരുത്താൻ ആഭ്യന്തര വകുപ്പും സർക്കാരും തയ്യാറാകണം. യാഥാർഥ്യങ്ങൾ നിർഭയം സമൂഹത്തിന് മുന്നിലെത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഐഎസ്എമ്മിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16

