ലൈംഗികാതിക്രമ കേസ്; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്
കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്. ഈ ആവശ്യമുന്നയിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്, 3 മാസം വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Adjust Story Font
16

