Quantcast

തട്ടുകടയിലെ തര്‍ക്കത്തിന് പിന്നാലെ വെടിവെപ്പ്, കൊല്ലപ്പെട്ടത് സംഘർഷവുമായി ബന്ധമില്ലാത്ത ബൈക്ക് യാത്രികന്‍; ഇടുക്കിയില്‍ സംഭവിച്ചത്....

വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതാണെന്ന് മൊഴി

MediaOne Logo

Web Desk

  • Published:

    27 March 2022 2:45 AM GMT

തട്ടുകടയിലെ തര്‍ക്കത്തിന് പിന്നാലെ വെടിവെപ്പ്, കൊല്ലപ്പെട്ടത് സംഘർഷവുമായി ബന്ധമില്ലാത്ത ബൈക്ക് യാത്രികന്‍; ഇടുക്കിയില്‍ സംഭവിച്ചത്....
X

ഇടുക്കി മൂലമറ്റത്ത് ആൾക്കൂട്ടത്തിന് നേരെ യുവാവ് വെടിയുതിര്‍ത്തത് തട്ടുകടയിലെ തര്‍ക്കത്തിനു പിന്നാലെ. വെടിയേറ്റ് കൊല്ലപ്പെട്ടതാകട്ടെ ഈ സംഘര്‍ഷത്തിന്‍റെ ഭാഗമല്ലാതിരുന്ന, ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബസ് ജീവനക്കാരനാണ്. പ്രതി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതാണെന്ന് ഫിലിപ്പ് മാര്‍ട്ടിന്‍ മൊഴി നല്‍കി.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൂലമറ്റത്തെ അശോക ജങ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം തീര്‍ന്നുപോയതിനെ ചൊല്ലി ഫിലിപ്പ് മാര്‍ട്ടിനും കടയിലുണ്ടായിരുന്നവരും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിവെക്കുകയായിരുന്നു. ഈ സമയത്ത് കടയിലുണ്ടായിരുന്നവര്‍ ഓടിയൊളിച്ചതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. വീടിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി. അതിനിടെ ഫിലിപ്പ് മാര്‍ട്ടിന്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോഴാണ് ആ വഴി പോവുകയായിരുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ഇവര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ബസ് ജീവനക്കാരനായ സനല്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് വെടിയേറ്റ് മരിച്ചത്.

ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പ് മാര്‍ട്ടിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുന്‍പ് മോഷ്ടിച്ച തോക്കാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.


TAGS :

Next Story