Quantcast

തർക്കങ്ങൾ ഒടുങ്ങാതെ കാസർകോട് യുഡിഎഫ്; പഞ്ചായത്ത് പ്രസിഡന്റുമാരെ തീരുമാനിക്കാനായില്ല

യുഡിഎഫിൽ ബദിയടുക്കയിലും മീഞ്ച പഞ്ചായത്തിലുമാണ് പ്രശ്‌നങ്ങൾ പരിഹരിക്കാനാവാത്തത്

MediaOne Logo

Web Desk

  • Published:

    27 Dec 2025 6:52 AM IST

തർക്കങ്ങൾ ഒടുങ്ങാതെ കാസർകോട് യുഡിഎഫ്; പഞ്ചായത്ത് പ്രസിഡന്റുമാരെ തീരുമാനിക്കാനായില്ല
X

കാസർകോട്: സ്ഥാനാർഥി നിർണയം മുതൽ പ്രശ്‌നങ്ങൾ തുടങ്ങിയ കാസർകോട് യുഡിഎഫിൽ തർക്കങ്ങൾ തീരുന്നില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിലാണ് പുതിയ തർക്കം. യുഡിഎഫിൽ ബദിയടുക്കയിലും മീഞ്ച പഞ്ചായത്തിലുമാണ് പ്രശ്‌നങ്ങൾ പരിഹരിക്കാനാവാത്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് സി.എ താജുദ്ദീനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മീഞ്ച പഞ്ചായത്തിൽ ലീഗിനകത്ത് പ്രശ്‌നങ്ങൾ തുടങ്ങിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് ലീഗ് ചിഗർപ്പതെ വാർഡിൽ നേതാക്കളും പ്രവർത്തകരും കൂട്ടരാജി പ്രഖ്യാപിച്ചു.

വാർഡിലെ മുതിർന്ന നേതാവ് ഷെരീഫ് ചിനലാകിന്നെ പ്രസിഡന്റ് പദവിക്ക് പരിഗണിക്കാത്തതിലാണ് പ്രതിഷേധം ശക്തമായത്.

പഞ്ചായത്തിലെ നേതാക്കളോട് അഭിപ്രായം ആരായാതെ എ.കെ.എം അഷ്റഫ് എംഎൽഎ ഏക പക്ഷീയമായി പ്രസിഡന്റിനെ പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആരോപണം. ചിഗുരുപ്പതെ വാർഡിൽ നിന്ന് മുസ്‌ലിം ലീഗിലെ 24 നേതാക്കളും 100 പ്രവർത്തകരും മണ്ഡലം പ്രസിഡന്റിന് രാജിക്കത്ത് കൈമാറി.

ബദിയടുക്ക ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും 10 വീതം അംഗങ്ങളാണ് ഉള്ളത്. എൽഡിഎഫിന് ഒരംഗമുണ്ട്. ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് പദവിക്കായി യുഡ എഫിൽ ലീഗും കോൺഗ്രസ്സും തമ്മിൽ തർക്കം തുടരുകയാണ്. മുസ്ലിം ലീഗ് നേതാവ് മാഹിൻ കോളോടാണ് ലീഗിന്റെ പ്രസിഡന്റ് സ്ഥാനാർഥി. പഞ്ചായത്തിൽ ലീഗിന് ആറും കോൺഗ്രസിന് നാലും അംഗങ്ങൾ ഉണ്ട്. കോൺഗ്രസ്സിലെ ശ്യാമ പ്രസാദ് മാന്യയും പ്രസിഡന്റ് പദവിക്കായി രംഗത്ത് വന്നിട്ടുണ്ട്. യുഡിഎഫ് ജയിച്ചാൽ ശ്യാമ പ്രസാദ് മാന്യയെ പ്രസിഡന്റാക്കുമെന്ന് ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നതായാണ് കോൺഗ്രസ്സിന്റെ വാദം.

TAGS :

Next Story