Quantcast

ഏത് മതപുരോഹിതനേയും ആക്ഷേപിക്കാമെന്നാണോ, കോൺഗ്രസ്‌ സഭകളെ അവഹേളിക്കരുത്: ഇ.പി ജയരാജൻ

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുടെ ഇടപെടലുണ്ടായെന്ന ആക്ഷേപത്തിനിടയിലാണ് ജയരാജന്റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2022-05-06 14:38:03.0

Published:

6 May 2022 2:21 PM GMT

ഏത് മതപുരോഹിതനേയും ആക്ഷേപിക്കാമെന്നാണോ, കോൺഗ്രസ്‌ സഭകളെ അവഹേളിക്കരുത്: ഇ.പി ജയരാജൻ
X

കത്തോലിക്കാ സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും അതിനാൽ കോൺഗ്രസ്‌ സഭയെ ആക്ഷേപിക്കരുതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുടെ ഇടപെടലുണ്ടായെന്ന ആക്ഷേപത്തിനിടയിലാണ് ജയരാജന്റെ പ്രതികരണം. കോൺഗ്രസ് ദയവായി മതസ്ഥാപനങ്ങളെ വലിച്ചിഴക്കരുതെന്നും എല്ലാ വിഭാഗത്തിന്റെയും ആളുകൾ രാഷ്ട്രീയത്തിലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് ഏത് മതപുരോഹിതനെയും ആക്ഷേപിക്കാമെന്നാണോയെന്നും രാഷ്ട്രീയത്തിന് അതിർവരമ്പുകളില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് നേതാവ് കെ.വി തോമസ് നിലപാട് വ്യക്തമാക്കിയാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് നിലപാട് വ്യക്തമാക്കുമെന്നും ജയരാജൻ പറഞ്ഞു.

തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജോ ജോസഫിനെ നിശ്ചയിച്ചതിൽ ഇടപെട്ടിട്ടില്ലെന്ന് സീറോമലബാർ സഭ നേരത്തെ പറഞ്ഞിരുന്നു. സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സ്ഥാനാർത്ഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടുവെന്നും ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണെന്നും ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളുവെന്നും ചൂണ്ടിക്കാട്ടി. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും കുറിപ്പിൽ പറഞ്ഞു.

ഇന്നലെയാണ് ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാത്ത അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത് ചില ബാഹ്യശക്തികളുടെ സമ്മർദം മൂലമാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നും പി.സി ജോർജ് കൊടുത്ത സ്ഥാനാർഥിയാണോ ഇടതുപക്ഷത്തിന്റേതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ ചോദിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പരിഹസിച്ചവരാണോ ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതെന്നും ഇതിനേക്കാൾ പ്രശസ്തനായ ഡോക്ടറെ കഴിഞ്ഞ തവണ തൃക്കാക്കരയിൽ യു.ഡി.എഫ് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയത് തങ്ങളുടെ വിജയ സാധ്യത കൂട്ടുമെന്നും ഉമാ തോമസ് എൻ.എസ്.എസ് ആസ്ഥാനത്ത് പോയത് പിന്തുണ തേടാനാണെന്നും പി.ടി തോമസ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം അവർ നേടുമെന്നും സതീശൻ പറഞ്ഞു.


Do not insult the Congress churches: EP Jayarajan

TAGS :

Next Story