Quantcast

പി.എം.എ സലാമിനെതിരെ സമസ്ത പോഷക സംഘടനാ നേതാക്കൾ കത്തയച്ചത് താനറിഞ്ഞിട്ടില്ല; അബ്ദുസമദ് പൂക്കോട്ടൂർ

സമൂഹത്തിൽ ചർച്ചക്ക് വക വെക്കുന്ന പ്രസ്താവന ആര് നടത്തുമ്പോഴും ശ്രദ്ധ പുലർത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-07 14:31:29.0

Published:

7 Oct 2023 2:24 PM GMT

പി.എം.എ സലാമിനെതിരെ സമസ്ത പോഷക സംഘടനാ നേതാക്കൾ കത്തയച്ചത് താനറിഞ്ഞിട്ടില്ല; അബ്ദുസമദ് പൂക്കോട്ടൂർ
X

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ ഒരു വിഭാഗം സമസ്ത പോഷക സംഘടനാ നേതാക്കൾ കത്തയച്ചത് താനറിഞ്ഞില്ലെന്ന് എസ്.വൈ.എസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സലാമിനെതിരായ സമസ്ത നേതാക്കളുടെ പരാതിയില്‍ ലീഗ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സലാമിനെതിരായ നീക്കം സമസ്തയുടെ പൊതുതീരുമാനമല്ലെന്ന് വ്യക്തമാക്കുന്നതാണ് എസ്.വൈ.എസ് സെക്രട്ടറിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ജിഫ്രി തങ്ങള്‍ക്കെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് പി.എം.എ സലാമിനെതിരെ സമസ്ത പോഷക സംഘടനയിലെ നേതാക്കള്‍ പ്രതിഷേധ കത്തയച്ചത്. എന്നാല്‍ ഇത് സമസ്തയുടെ പോഷക സംഘടനകളുടെ പൊതുവായ തീരുമാനമല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇത്തരമൊരു കത്തയക്കുന്ന കാര്യം അറിഞ്ഞില്ലെന്ന് സമസ്ത യുവജനവിഭാഗമായ എസ്.വൈ.എസിന്റയും സുന്നി മഹല്ല് ഫെഡറേഷന്റെയും ഭാരവാഹി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ലീഗും സമസ്തയും തമ്മില്‍ തർക്കമുണ്ടാക്കാന്‍ ബോധപൂർവം ശ്രമം നടക്കുന്നതായും സമദ് പൂക്കോട്ടൂർ ആരോപിച്ചു.

ലീഗിനോട് എതിർപ്പുള്ള നേതാക്കളുടെ മാത്രം തീരുമാനമാണ് സലാമിനെതിരായ നീക്കമെന്ന സൂചനയാണ് മറ്റു നേതാക്കളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. അതേ സമയം വിവാദത്തെ കരുതലോടെ സമീപിക്കാനാണ് മുസ് ലിം ലീഗ് തീരുമാനം. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി സാഹചര്യം വിഷളാക്കേണ്ടെന്നാണ് പൊതു ധാരണ. പി.എം.എ സലാമും വിവാദത്തോട പ്രതികരിച്ചിട്ടില്ല.

തട്ടം പരാമർശം മറച്ചു പിടിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന ചോദ്യവും സമദ് പൂക്കോട്ടൂർ ഉന്നയിച്ചു. തട്ടം തലയിലിടാൻ വന്നാൽ വേണ്ട എന്ന് പറയാൻ മലപ്പുറത്തെ പെൺകുട്ടികൾ പഠിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ പ്രസംഗിച്ചിരുന്നു.

TAGS :

Next Story