നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ നാടകീയ രംഗങ്ങൾ
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെയും നാമനിർദേശ പത്രിക സൂക്ഷമ പരിശോധനയിൽ മാറ്റിവെച്ചെങ്കിലും പിന്നീട് സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന ആരംഭിച്ചത് മുതൽ നാടകീയ സംഭവങ്ങൾ. വരുമാനം മറച്ചുവെച്ചുവെന്ന പരാതിയില്‍ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പറവുരിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെയും സൂക്ഷമ പരിശോധന മാറ്റിവെച്ചെങ്കിലും പിന്നീട് സ്വീകരിച്ചു. കുട്ടനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി റെജി ചെറിയന്റെ ഒരു പത്രിക തള്ളി.
രാജീവ് ചന്ദ്രശേഖരന്റെ ബംഗളുരുവിലെ 200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇന്നലെ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വിവരം പുറത്തുവിടുകയും ദേശീയ തലത്തിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു. പിന്നാലെ സൂക്ഷ്മ പരിശോധന ആരംഭിച്ചശേഷം നേമത്തെ കോൺഗ്രസ് സ്ഥാനാർഥി ശബരിനാഥൻ പരാതിയായി റിട്ടേണിങ് ഓഫീസർക്ക് മുമ്പാകെ പരാതി ഉന്നയിക്കുന്നത്. പരാതിയെ തുടർന്ന് പത്രിക മാറ്റിവെച്ചെങ്കിലും പിന്നീട് സ്വീകരിക്കുകയുമായിരുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു. പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥി ടൈസൻ മാസ്റ്ററുടെ പ്രതിനിധി അയ്യൂബ് ഖാൻ ഉന്നയിച്ച സാങ്കേതിക തടസ്സവാദങ്ങൾ തള്ളിക്കൊണ്ടാണ് വി.ഡി സതീശൻ്റെ പത്രിക അംഗീകരിച്ചത്. കൊല്ലം കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോനെതിരെ പരാതി ഉയർന്നെങ്കിലും രണ്ട് പത്രികയും സ്വീകരിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായും ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർത്ഥിയായുമാണ് കോവൂർ കുഞ്ഞുമോൻ പത്രിക സമർപ്പിച്ചിരുന്നത്. കുട്ടനാട് യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ മൂന്ന് പത്രികകളാണ് സമർപ്പിച്ചത്. കേസിന്റെ വിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ മറ്റു രണ്ട് പത്രികകൾ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചു.
അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ അപരനായി മത്സരിച്ച പാതിരപ്പള്ളി സ്വദേശി സുധാകരന്റെ നാമ നിർദ്ദേശ പത്രിക തള്ളി. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി അൻവറിന്റെ നാല് അപരന്മാരുടെയും പത്രികകൾ സ്വീകരിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.എ മുഹമ്മദ് റിയാസിന്റെ ഒരു അപരന്റെ നാമനിർദേശ പത്രിക തള്ളി.
Adjust Story Font
16

