Quantcast

'കെ.ജെ ഷൈനിനെതിരായ അപവാദ പ്രചരണവും സൈബർ ആക്രമണവും കോൺഗ്രസ് - യുഡിഎഫ് ലാബോറട്ടറിയിൽ ചുട്ടെടുത്തത്': ഡിവൈഎഫ്ഐ

വിലക്കെടുത്ത ചില യൂ ട്യൂബ് ചാനലുകളും ഓൺലൈൻ മഞ്ഞപ്പത്രങ്ങളും വഴി നടത്തുന്ന ഈ അപവാദ പ്രചരണവും സൈബർ ആക്രമണവും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതാണ്

MediaOne Logo

Web Desk

  • Updated:

    2025-09-19 10:06:24.0

Published:

19 Sept 2025 1:32 PM IST

കെ.ജെ ഷൈനിനെതിരായ അപവാദ പ്രചരണവും സൈബർ ആക്രമണവും കോൺഗ്രസ് - യുഡിഎഫ് ലാബോറട്ടറിയിൽ ചുട്ടെടുത്തത്: ഡിവൈഎഫ്ഐ
X

തിരുവനന്തപുരം: കെ.ജെ ഷൈൻ ടീച്ചർക്കെതിരെ നടക്കുന്ന അപവാദ പ്രചരണവും സൈബർ ആക്രമണവും കോൺഗ്രസ് - യുഡിഎഫ് ലാബോറട്ടറിയിൽ ചുട്ടെടുത്തതതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. അപവാദ പ്രചാരകരായ സൈബർ പെർവേട്ടുകളെ അർഹിക്കുന്ന വിധം നേരിടുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

ലൈംഗിക ക്രിമിനലിനെ എംഎൽഎ ആയി ചുമക്കുന്ന കോൺഗ്രസ് പാർടി ആ ലൈംഗീക ക്രിമിനലിനെ സംരക്ഷിക്കാൻ പൊതുസമൂഹത്തിൽ മാന്യതയോടെ സാമൂഹിക - രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഇടത് പക്ഷ വനിതാ നേതാക്കളെ കുറിച്ച് അപവാദ പ്രചരണം നടത്തി തേജോവധം ചെയ്ത് വിഷയം മാറ്റാൻ ശ്രമിക്കുകയാണ്.

വിലക്കെടുത്ത ചില യൂ ട്യൂബ് ചാനലുകളും ഓൺലൈൻ മഞ്ഞപ്പത്രങ്ങളും വഴി നടത്തുന്ന ഈ അപവാദ പ്രചരണവും സൈബർ ആക്രമണവും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതാണ്. യുഡിഎഫ് എയർ ചെയ്യാൻ പോവുന്ന ഈ അപവാദ പ്രചാരണത്തെ കുറിച്ച് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ മുൻകൂട്ടി വിവരം ലഭിച്ചിരുന്നു എന്നത് ഇത് അങ്ങേയറ്റം പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഓപ്പറേഷൻ ആണെന്നത് വ്യക്തമാണ്. കോൺഗ്രസിന്റെ മുൻനിര ചാനൽ വക്താക്കൾ മുതൽ സൈബർ വെട്ടുകിളി കൂട്ടങ്ങൾ വരെ അശ്ലീലപരവും അധിക്ഷേപപരവുമായ ഈ വ്യാജ പ്രചരണം ഏറ്റെടുത്തതിലൂടെ ഇത് ഷാഫി പറമ്പിലും വിഡി സതീശനും അറിഞ്ഞു കൊണ്ടുള്ള അപവാദ പ്രചരണം ആണെന്നത് നിസ്സംശയമാണ്.

പൊതുസമൂഹത്തിൽ അന്തസ്സോടെ ജീവിക്കുന്ന സ്ത്രീകൾക്ക് നേരെ അപവാദ പ്രചരണം നടത്തുന്ന സാമൂഹ്യ മാലിന്യങ്ങളെ മര്യാദ പഠിപ്പിക്കാൻ ജനങ്ങളെ അണിനിരത്തും. ഇന്റർനെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ ഫോണിന്‍റെ ബലത്തിൽ യൂ ട്യൂബ് ചാനൽ തുടങ്ങി, കോൺഗ്രസ് - യുഡിഎഫ് അധമ സംഘത്തിന്‍റെ അച്ചാരവും വാങ്ങി ഇടത് പക്ഷത്തെ വനിതാ നേതാക്കളെയും സ്ത്രീകളെയും അധിക്ഷേപിക്കാമെന്ന് കരുതുന്ന യൂ ട്യുബിലും അല്ലാതെയും വിഹരിക്കുന്ന എല്ലാ മഞ്ഞച്ചാനലുകാരെയും ഓർമപ്പെടുത്താനുള്ളത് മൊബൈൽ ക്യാമറ ഓഫ് ചെയ്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുമെന്ന ബോധം അത്തരക്കാർക്ക് ഉണ്ടാവുന്നത് നല്ലതാണെന്നാണ്.

സൈബറിടത്തിൽ ആക്രമണം നേരിടുന്ന സ്ത്രീകൾക്ക് ഡിവൈഎഫ്ഐ പിന്തുണയും സംരക്ഷണവും ഒരുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സൈബർ ആക്രമണം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ നിയമപരമായും അല്ലാതെയും നേരിടാൻ ജനാധിപത്യവിശ്വാസികൾ മുന്നോട്ട് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.

TAGS :

Next Story