Quantcast

ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസ്: ആര്‍.എസ്.എസ്സിനായി സി.പി.എം നേതാക്കളുടെ കൂറുമാറ്റം; സി.പി.ഐയില്‍ ഭിന്നത

2014ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് മുതി‍ര്‍ന്ന സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബി.ജെ.പി-ആ‍ര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്

MediaOne Logo

Web Desk

  • Published:

    31 Jan 2023 1:23 AM GMT

EChandrasekharanattack, CPM-RSS, CPI
X

തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സി.പി.എം നേതാക്കളുടെ കൂറൂമാറ്റത്തില്‍ സി.പി.ഐ നേതൃത്വത്തില്‍ ഭിന്നത. കൂറുമാറ്റത്തെ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു രൂക്ഷമായി വിമ‍ര്‍ശിച്ചിരുന്നു. എന്നാല്‍, ഇത് ഏറ്റെടുക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയാറായിട്ടില്ല. പ്രാദേശിക വിഷയമായതിനാല്‍ സംസ്ഥാനതലത്തിലേക്ക് കൊണ്ടുവരേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് മുതി‍ര്‍ന്ന സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബി.ജെ.പി-ആ‍ര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 12 ആ‍ര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളായിരുന്നു മുഖ്യ സാക്ഷികള്‍. എന്നാല്‍, കേസിന്‍റെ വിചാരണവേളയില്‍ സി.പി.എം നേതാക്കളടക്കം കൂറുമാറിയതോടെ പ്രതികളെ കോടതി വെറുതെവിട്ടു.

സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തില്‍ കാസര്‍കോട് ജില്ലയിലെ സി.പി.ഐ നേതൃത്വത്തിന് ശക്തമായ അതൃപ്തിയുണ്ട്. അത് വ്യക്തമാക്കുന്നായിരുന്നു ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബുവിന്‍റെ ഇന്നലത്തെ പ്രതികരണം. കൂറുമാറ്റത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച പ്രകാശ് ബാബു, വിഷയത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടമെന്നും ആവശ്യപ്പെട്ടു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനകട്ടെ വിമര്‍ശനങ്ങള്‍ കേട്ട മട്ട് കാണിച്ചില്ല. പ്രാദേശിക വിഷയമായതിനാല്‍ സംസ്ഥാനതലത്തിലേക്ക് കൊണ്ടുവരേണ്ടെന്ന നിലപാടിലാണ് കാനം. മുതിര്‍ന്ന നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സി.പി.എം നേതാക്കളുടെ കൂറുമാറ്റം സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ കാര്യമായി എടുക്കാത്തതിന്‍റെ ആശ്വാസത്തിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ഇതോടെ പ്രശ്നത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടാനുള്ള സാധ്യതയും മങ്ങി. കാനം വിരുദ്ധ ചേരിയിലുള്ള സി.പി.ഐ നേതാക്കള്‍ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെതിരെ വിമ‍ര്‍ശനം ഉയര്‍ത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

Summary: CPI Kerala leadership is in different stands over attack against Former Minister E. Chandrasekharan by RSS-BJP workers

TAGS :

Next Story